ഐ.എസ്.എല്ലിൽ തോൽവികളാൽ ഉഴലുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് കഠിന പരീക്ഷ. എവേ മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ലീഗിലെ ദുർബലരായ ഹൈദരബാദ് എഫ്.സിയോട് വരെ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് മോഹൻ ബഗാനെ വീഴ്ത്തണമെങ്കിൽ ആത്മവിശ്വാസത്തോടൊപ്പം കഠിന പ്രയത്‌നവും വേണ്ടിവരും.
അവസാനമായി കളിച്ച എവേ മത്സരത്തിൽ ബംഗളൂരു എഫ്.സിയോട് 4-2 ന്റെ തോൽവിയായിരുന്നു മഞ്ഞപ്പട നേരിട്ടത്. സീസണിൽ ഇതുവരെ 11 മത്സരമാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. അതിൽ മൂന്ന് മത്സരത്തിൽ മാത്രമേ ടീമിന് ജയിക്കാൻ കഴിഞ്ഞിട്ടുള്ളു. ആറു മത്സരത്തിൽ തോറ്റപ്പോൾ രണ്ട് എണ്ണം സമനിലയിൽ കലാശിക്കുകയും ചെയ്തു. സീസണിൽ തിരിച്ചുവരണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ ജയമല്ലാതെ ബ്ലാസ്‌റ്റേഴ്‌സിന് മുന്നിൽ മറ്റുലക്ഷ്യങ്ങില്ല.
തുടർ തോൽവികൾ കാരണം ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരേ ഫാൻസ് രംഗത്തെത്തിയിരുന്നു. 10 മത്സരത്തിൽനിന്ന് 23 പോയിനന്റുള്ള മോഹൻ ബഗാൻ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. പത്ത് മത്സരം കളിച്ച ബഗാൻ ഒന്നിൽ മാത്രമേ ഇപ്പോൾ തോറ്റിട്ടുള്ളു. അതിനാൽ ശക്തമായ ഫോമിൽനിൽക്കുന്ന ബഗാനെ വീഴ്ത്തി കൊൽക്കത്തയിൽനിന്ന് ജയവുമായി മടങ്ങണെങ്കിൽ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് അൽപം വിയർക്കേണ്ടി വരും.