പ്രീമിയർ ലീഗിൽ ആഴ്‌സനലിനെതിരേയുള്ള മത്സരത്തിൽ പരുക്കേറ്റ മാഞ്ചസ്റ്റർ സിറ്റിയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ റോഡ്രിക്ക് സീസൺ നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ. സ്‌പെയിൻ മാധ്യമങ്ങളായിരുന്നു താരത്തിന്റെ പരുക്കിന്റെ കാര്യത്തിൽ പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ആഴ്‌സനലിനെതിരേയുള്ള മത്സരത്തിന്റെ 20ാം മിനുട്ടിലായിരുന്നു താരത്തിന് പരുക്കേറ്റത്. തുടർന്ന് മത്സരം പൂർത്തിയാക്കാതെ റോഡ്രി മൈതാനം വിട്ടിരുന്നു.
എ.സി.എൽ ഇഞ്ചുറിയേറ്റ താരത്തിന് സർജറി വേണ്ടി വരുമെന്നും ഈ സീസണിൽ ഇനി കളിക്കാൻ കഴിയില്ലെന്നുമാണ് വിവരം. ഇക്കാര്യം മാഞ്ചസ്റ്റർ സിറ്റി മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചതായും വിവരമുണ്ട്. മത്സരത്തിൽ സിറ്റി തോൽവിയിലേക്ക് നീങ്ങിയിരുന്നെങ്കിലും അവസാന മിനുട്ടിലെ ഗോൾ കൊണ്ട് സമനില കൊണ്ട് രക്ഷപ്പെടുകയായിരുന്നു. റോഡ്രി പുറത്താകുന്നതോടെ സീസണിൽ തുടർന്നുള്ള മത്സരങ്ങളിൽ സിറ്റിക്ക് കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തിൽ തർക്കമില്ല.
റോഡ്രി ടീമിന്റെ പ്രധാനപ്പെട്ട താരമാണെന്നും ടീമിനായി മികച്ചത് നൽകുവാൻ അദ്ദേഹത്തിന് കഴിയുമെന്നും സീസൺ തുടക്കത്തിൽ പെപ് ഗ്വാർഡിയോള വ്യക്തമാക്കിയിരുന്നു. അതിനാൽ സ്പാനിഷ് താരത്തിന്റെ അഭാവം തുടർന്ന് സിറ്റിയെ വല്ലാതെ വേട്ടയാടുമെന്ന കാര്യത്തിൽ സംശയമില്ല. 28 കാരനായ താരം 2019ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽനിന്നായിരുന്നു സിറ്റിയിലെത്തിയത്. നേരത്തെ അനിയന്ത്രിത മത്സരക്രമത്തെ തുടർന്ന് റോഡ്രി ശബ്ദമുയർത്തിയിരുന്നു.
ക്ലബ് ലോകകപ്പിലും ചാംപ്യൻസ് ലീഗിലും മത്സരം കൂട്ടിയതിനാൽ അത് താരങ്ങലുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് റോഡ്രി വിമർശനമുന്നയിച്ചിരുന്നു. ഇക്കാര്യം പിന്നീട് ചർച്ചയാവുകയും ചെയ്തിരുന്നു. ആഴ്‌സനലിനെതിരേയുള്ള നിർണായക മത്സരത്തിൽ തോൽവിയുടെ വക്കിൽനിന്നായിരുന്നു സിറ്റി സമനില കണ്ടെത്തിയത്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിന്റെ ഒൻപതാം മിനുട്ടിൽ എർലിങ് ഹാളണ്ടിലൂടെ സിറ്റിയായിരുന്നു ആദ്യ ഗോൾ നേടിയത്.
ഒൻപതാം മിനുട്ടിലായിരുന്നു ഹാളണ്ടിന്റെ ഗോൾ പിറന്നത്. എന്നാൽ 22ാം മിനുട്ടിൽ റിക്കാർഡോ കലാഫ്‌ളോറിയിലൂടെ ആഴ്‌സനൽ സമനില പിടിച്ചു. പോരാട്ടം സമനിലയിലായതോടെ ഇരുടീമുകളും പൊരുതിക്കളിച്ചുകൊണ്ടിരുന്നു. ആദ്യ പകുതിയുടെ അധിക സമയത്ത് ആഴ്‌സനൽ ഗോൾ നേടിയതോടെ സിറ്റി പ്രതിരോധത്തിലായി. ഗബ്രിയേൽ മഗാലെസായിരുന്നു ആഴ്‌സനലിനായി ഗോൾ നേടിയത്.
എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ആഴ്‌സനലിലെ ഒരു താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ലിയാന്ദ്രോ ട്രോസാർഡായിരുന്നു ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. പത്ത് പേരായി ചുരുങ്ങിയ ആഴ്‌സനൽ അവസാനംവരെ സിറ്റിക്ക് മുന്നിൽ പിടിച്ചുനിന്നെങ്കിലും മത്സരത്തിന്റെ അവാസന മിനുട്ടിൽ ഗോൾ മടക്കിയായിരുന്നു സിറ്റി തോൽവി ഒഴിവാക്കിയത്. 98ാം മിനിട്ടിൽ ജോൺ സ്‌റ്റോൺസായിരുന്നു സിറ്റിക്കായി സമനില ഗോൾ കണ്ടെത്തിയത്.