ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം എട്ടു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെയാണ് മൂന്ന് മത്സരങ്ങടങ്ങുന്ന പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക ഒമ്പത് വിക്കറ്റിന് 161 റൺസെടുത്തു. പിന്നാലെയിറങ്ങിയ ഇന്ത്യൻ സ്കോർ മൂന്ന് പന്തിൽ ആറിൽ നിൽക്കേ മഴയെത്തുകയായിരുന്നു.
ഒരുമണിക്കൂറോളം മഴ ശമിക്കാതിരുന്നതോടെ ലക്ഷ്യം എട്ടോവറിൽ 78 റൺസാക്കി ചുരുക്കി. ശേഷമിറങ്ങിയ ഇന്ത്യ 6.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെടുത്ത് വിജയം കൈക്കലാക്കി.യശസ്വി ജയ്സ്വാൾ (15 പന്തിൽ 30), സൂര്യകുമാർ യാദവ് (12 പന്തിൽ 26), ഹർദിക് പാണ്ഡ്യ (9 പന്തിൽ പുറത്താവാതെ 22) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. മലയാളി താരം സഞ്ജു സാംസൺ ഇറങ്ങിയെങ്കിലും ഗോൾഡൻ ഡക്കായി പുറത്തായി.
ആദ്യം ബാറ്റുചെയ്ത ശ്രീലങ്കൻ നിരയിൽ 34 പന്തിൽ 53 റൺസെടുത്ത കുശാൽ പെരേര ടോപ് സ്കോററായി. പാതും നിസാങ്ക 24 പന്തിൽ 32 റൺസെടുത്തു. ഇന്ത്യക്കു വേണ്ടി രവി ബിഷ്ണോയി മൂന്നും അർഷ്ദീപ് സിങ്, അക്സർ പട്ടേൽ, ഹർദിക് പാണ്ഡ്യ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.