ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് പത്തു വിക്കറ്റിന്
നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരേയുള്ള ഏകദിന പരമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കിയ ഇന്ത്യ ടെസ്റ്റ് മത്സരത്തിലും ദക്ഷിണാഫ്രിക്കൻ വനിതകളെ തോൽപിച്ചു. ഇന്ന് സമാപിച്ച മത്സരത്തിൽ പത്തു വിക്കറ്റിന്റെ വമ്പൻ ജയമായിരുന്നു ഇന്ത്യൻ വനിതകൾ നേടിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ആധിപത്യം പുലർത്തിയ ഇന്ത്യക്ക് അനായാസം ദക്ഷിണാഫ്രിക്കയെ മറികടക്കാനായി.
ആദ്യ ഇന്നിങ്‌സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 603 റൺസാണ് ഇന്ത്യ നേടിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 266 റൺസിൽ അവസാനിച്ചു. തുടർന്ന് ഫോളോ ഓൺ ഒഴിവാക്കാൻ വേണ്ടി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 373 റൺസായിരുന്നു കൂട്ടിച്ചേർത്തത്. മറുപടിക്കിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 37 റൺസെടുത്ത് മത്സരത്തിൽ വെന്നിക്കൊടി നാട്ടുകയായിരുന്നു.
26 പന്തിൽ 13 റൺസ് നേടിയ സതീഷ് ശുഭയും 30 പന്തിൽ 24 റൺസ് നേടിയ ഷഫാലി വർമയുമായിരുന്നു ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ടെസ്റ്റിൽ ഒരുപാട് റെക്കോർഡുകളും സ്വന്തം പേരിൽ എഴുതിച്ചേർത്താണ് ഇന്ത്യൻ താരങ്ങൾ വിജയം കൊയ്തത്. ആദ്യ ഇന്നിങ്‌സിൽ ഷഫാലി വർമയുടെ ഇരട്ട സെഞ്ചുറി, സ്മൃതി മന്ഥനയുടെ സെഞ്ചുറി എന്നിവയുടെ തിളക്കത്തിൽ 603 റൺസ് നേടിയ ഇന്ത്യ ചരിത്രത്തിൽ ഇടംനേടിയിരുന്നു.
വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്‌കോർ നേടുന്ന ടീമെന്ന നേട്ടമായിരുന്നു ഇന്ത്യ നേടിയത്. ഒന്നാം ഇന്നിങ്‌സിൽ 197 പന്തിൽനിന്ന് 205 റൺസ് നേടിയ ഷഫാലി ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡും സ്വന്തം പേരിലാക്കി. 161 പന്തിൽനിന്ന് 149 റൺസ് നേടിയായിരുന്നു മന്ഥന മടങ്ങിയത്. ഏകദിന പരമ്പരയും ടെസ്റ്റും സ്വന്തമാക്കിയതോടെ ഇനി ടി20 പരമ്പരയും സ്വന്തം പേരിലാക്കാനുള്ള നീക്കത്തിലാണ് ടീം ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരേ കളിക്കുന്നത്. അഞ്ചിന് ചെന്നൈയിലാണ് ടി20 പരമ്പര തുടങ്ങുക.