54 വർഷത്തിന് ശേഷം ആസ്‌ത്രേലിയയെ തോൽപിച്ചു
ഒളിംപിക്‌സ് ഹോക്കിയിൽ ചരിത്രം രചിച്ച് മലയാളി താരം ശ്രീജേഷും സംഘവും. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവാസന മത്സരത്തിൽ ആസ്‌ത്രേലിയയെ തകർത്തതോടെയായിരുന്നു ഇന്ത്യ ചരിത്രത്തിലേക്ക് ഗോളടിച്ചത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇരട്ടഗോൾ നേടിയ മത്സരത്തിൽ കരുത്തരായ ആസ്‌ത്രേലിയയെ 3-2 എന്ന സ്‌കോറിനായിരുന്നു ഇന്ത്യ തോൽപിച്ചത്. ആദ്യ ക്വാർട്ടറിൽ തന്നെ രണ്ട് ഗോൾ നേടിയ പിന്നീട് മികച്ച ആത്മവിശ്വാസത്തോടെയായിരുന്നു ഇന്ത്യ കളിച്ചത്.
ഇന്ത്യയ്ക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ടഗോളിനു പുറമേ, അഭിഷേകും ഇന്ത്യക്കായി ഗോൾ നേടി. രണ്ടാം ക്വാർട്ടറിൽ തോമസ് ക്രെയ്ഗും അവസാന ക്വാർട്ടറിൽ ബ്ലേക് ഗോവേഴ്‌സുമായിരുന്നു ആസ്‌ത്രേലിയക്കായി ഗോളുകൾ നേടിയത്. 52 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം ഒളിംപിക്‌സിൽ ഓസീസിനെ തോൽപ്പിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ലോക റാങ്കിങ്ങിൽ നാലാം സ്ഥാനക്കാരായ ഓസീസിനെ ഇന്ത്യ വീഴ്ത്തിയത്.
റാങ്കിങ്ങിൽ ഏഴാം സ്ഥാനക്കാരാണ് ഇന്ത്യ. ആദ്യ മൂന്നു മത്സരങ്ങളിലായി രണ്ട് ജയവും ഒരു സമനിലയും നേടി ക്വാർട്ടർ ഉറപ്പിച്ച ഇന്ത്യയ്ക്ക്, ജയത്തോടെ താരതമ്യേന ദുർബലരായ എതിരാളികളെ ലഭിക്കും. ഗ്രൂപ്പ്ഘട്ടത്തിൽ ബെൽജിയത്തിനോട് മാത്രമായിരുന്നു ഇന്ത്യ തോറ്റത്. ആദ്യം ഇന്ത്യ ഗോൾ നേടിയിരുന്നെങ്കിലും പിന്നീട് രണ്ട് ഗോളുകൾ തിരിച്ചടിച്ചായിരുന്നു ബെൽജിയം ജയം കൊയ്തത്.