ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടം
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ പതറുന്നു. രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഏഴ്് വിക്കറ്റ് നഷ്ടത്തില്‍ 107 എന്ന നിലയിലാണ് ഇന്ത്യ. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 152 റണ്‍സ് കൂടി വേണം. 11റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 2 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. 16 ഒാവറിൽ 36 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാൻ്റ്നറാണ് ഇന്ത്യയെ തകർത്തത്.
ഒരു വിക്കറ്റിന് 16 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം പുനരാരംഭിച്ചത്. ഇന്ത്യക്ക് തുടക്കത്തിലേ ക്യാപ്റ്റന്‍ രോഹിതിനെ നഷ്ടമായിരുന്നു. റണ്‍സൊന്നുമെടുക്കാതെ രോഹിത് ടിം സൗത്തിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. മൂന്നാമനായെത്തിയ ഗില്ലിന്റെ(30) വിക്കറ്റാണ് ഇന്ന് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മിച്ചല്‍ സാന്റ്‌നറിന്റെ പന്തില്‍ എല്‍.ബിയില്‍ കുരുങ്ങിയാണ് താരം മടങ്ങിയത്. തുടര്‍ന്നെത്തിയ വിരാട് കോഹ്ലിയും പെട്ടന്ന് മടങ്ങി. ഒന്‍പത് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത കോഹ്ലിയെ സാന്റ്‌നര്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും മടങ്ങി. ഗ്ലെന്‍ ഫിലിപ്‌സിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് പിടികൊടുത്തായിരുന്നു 30 റണ്‍സെടുത്ത ജയ്‌സ്വാളിന്റെ മടക്കം. അധികം വൈകാതെ സ്‌കോര്‍ 84ല്‍ നില്‍ക്കെ ഇന്ത്യയുടെ അഞ്ചാം വിക്കറ്റും വീണു. 19 പന്തില്‍ 18 റണ്‍സെടുത്ത റിഷഭ് പന്തിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. തുടര്‍ന്ന് കഴിഞ്ഞ മത്സരത്തിലെ ഹീറോ സര്‍ഫറാസ് ഖാനും കിവികള്‍ക്ക് മുന്നില്‍ കീഴടങ്ങി. 24 പന്തില്‍ 11 റണ്‍സെടുത്ത താരത്തെ സാന്റ്‌നര്‍ ഒറൗര്‍ക്കെയുടെ കൈയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ അശ്വിനും പെട്ടന്ന് മടങ്ങി. നാല് റണ്‍സെടുത്ത അശ്വിനെ സാന്റ്‌നര്‍ എല്‍.ബിയില്‍ കുരുക്കുകയായിരുന്നു.
ഇന്നലെ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. സ്പിന്നര്‍ കുല്‍ദീപിന് പകരം വാഷിങ്ടണ്‍ സുന്ദറിനെ കളത്തിലിറക്കി. ആദ്യ ടെസ്റ്റില്‍ നിറംമങ്ങിയ കെ.എല്‍ രാഹുലിനെയും മുഹമ്മദ് സിറാജിനെയും പുറത്തിരുത്തി ശുഭ്മാന്‍ ഗില്ലിനും ആകാശ് ദീപിനും ടീമിലിടം നല്‍കി.
നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ ടോം ലാഥം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തിനു ശേഷം ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തിയ സുന്ദര്‍ ഏഴു വിക്കറ്റ് വീഴ്ത്തിയാണ് കിവികളുടെ നടുവൊടിച്ചത്. സുന്ദറിനൊപ്പം മൂന്ന് വിക്കറ്റുമായി ആര്‍. അശ്വിനും തിളങ്ങിയതോടെ ന്യൂസിലന്‍ഡിന് ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ഒന്നാം ദിനം പൂര്‍ത്തിയാക്കാനായില്ല. 23.1 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് സുന്ദര്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയത്. 76 റണ്‍സെടുത്ത ഡേവണ്‍ കോണ്‍വെയാണ് ന്യൂസിലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍.
ഓപ്പണിങ് കൂട്ടുകെട്ട് അധികം നീണ്ടുപോവാന്‍ അശ്വിന്‍ സമ്മതിച്ചില്ല. സ്‌കോര്‍ 32ല്‍ നില്‍ക്കെ 15 റണ്‍സെടുത്ത ലാഥമിനെ എല്‍.ബിയില്‍ കുരുക്കുകയായിരുന്നു. തുടര്‍ന്നെത്തിയ വില്‍ യങ്ങിനും (18) ക്രീസില്‍ വാഴാനായില്ല. റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് യങ്ങിനും അശ്വിന്‍ മടക്ക ടിക്കറ്റ് കൊടുത്തു. പിന്നീട് രചിന്‍ രവീന്ദ്രയെ കൂട്ടുപിടിച്ച ഡേവണ്‍ കോണ്‍വെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. അര്‍ധ ശതകവും കടന്ന് കുതിച്ച കോണ്‍വെ ഒടുവില്‍ അശ്വിന് മുന്നില്‍ തന്നെ കീഴടങ്ങി. വിക്കറ്റിനു പിന്നില്‍ പന്തിന് പന്തിന് പിടികൊടുത്തായിരുന്നു 76 റണ്‍സെടുത്ത കോണ്‍വെയുടെയും മടക്കം.
നാലാം വിക്കറ്റില്‍ ഡാരില്‍ മിച്ചലിനെ കൂട്ടുപിടിച്ച് രചിന്‍ രവീന്ദ്ര സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍, അപകടകാരിയായ രചിനെ തന്നെ ബൗള്‍ഡാക്കി വാഷിങ്ടണ്‍ സുന്ദര്‍ ആദ്യ വിക്കറ്റ് വീഴ്ത്തി. 105 പന്തില്‍ 65 റണ്‍സാണ് രചിന്‍ നേടിയത്. മിച്ചലിനൊപ്പം നാലാം വിക്കറ്റില്‍ 59 റണ്‍സ് നേടാനും രചിനായി. 197 റണ്‍സായിരുന്നു അപ്പോള്‍ കിവീസ് സ്‌കോര്‍ ബോര്‍ഡില്‍.
വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട സുന്ദറിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പിന്നീട് ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ക്കായില്ല. വെറും 62 റണ്‍സെടുക്കുന്നതിനിടെയാണ് സുന്ദര്‍ കിവീസിന്റെ അവസാന ഏഴുവിക്കറ്റുകള്‍ ഒറ്റയ്ക്ക് നേടിയത്. ഇതില്‍ അഞ്ച് പേരെയാണ് താരം ബൗള്‍ഡാക്കിയത്. രചിന്‍ രവീന്ദ്ര, ടോം ബ്ലണ്ടല്‍ (3), മിച്ചല്‍ സാന്റ്‌നര്‍(33), ടിം സൗത്തി(5), അജാസ് പട്ടേല്‍(4) എന്നിവരാണ് സുന്ദറിന് മുന്നില്‍ ബൗള്‍ഡായത്. ഡാരില്‍ മിച്ചല്‍(18), ഗ്ലെന്‍ ഫിലിപ്‌സ് (9) എന്നിവരാണ് സുന്ദര്‍ പുറത്താക്കിയ മറ്റുള്ളവര്‍.