Shopping cart

  • Home
  • Cricket
  • മാറാതെ മഴ- ബംഗളുരുവില്‍ ടോസ് വൈകുന്നു
Cricket

മാറാതെ മഴ- ബംഗളുരുവില്‍ ടോസ് വൈകുന്നു

മഴ ഇന്ത്യ-ന്യൂസിലന്‍ഡ്‌
Email :19

ശക്തമായ മഴയെ തുടര്‍ന്ന് ബംഗളുരുവില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ടോസ് വൈകുന്നു. മത്സരം എപ്പോള്‍ തുടങ്ങാനാകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബംഗളൂരുവില്‍ ഇന്നലെ പെയ്ത നിലക്കാത്ത മഴ കാരണം ഇന്ത്യയുടെ പരിശീലന സെഷന്‍ ഒഴിവാക്കിയിരുന്നു. ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ടെസ്റ്റ് പോലെ ബംഗളൂരുവിലും മഴ മത്സരത്തെ ശക്തമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മത്സരത്തിന്റെ ആദ്യ ദിനം 41 ശതമാനവും രണ്ടാം ദിവസം 40 ശതമാനവും മൂന്നാം ദിവസം പരമാവധി 67 ശതമാനവും മഴ പെയ്യുമെന്നാണ് പ്രവചനം. അതേ സമയം നാലാം ദിവസം 25 ശതമാനവും അഞ്ചാം ദിവസം 40 ശതമാനവും മഴ പെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബംഗളൂരു സ്റ്റേഡിയത്തിലെ ഡ്രൈനേജ് സംവിധാനം നിമിഷങ്ങള്‍ക്കുള്ളില്‍ ഗ്രൗണ്ട് മത്സരത്തിന് സജ്ജമാക്കുമെന്നത് ആരാധകര്‍ക്ക് ആശ്വാസം പകരും.
മത്സരം സ്‌പോര്‍ട്‌സ് 18ലും ജിയോ സിനിമയിലും തത്സമയം കാണാം.

സമീപകാല ഫോമിന്റെ അടിസ്ഥാനത്തില്‍ മികച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശിനെതിരേ മികച്ച പ്രകടനം കാഴ്ചവെച്ച യശസ്വി ജയ്‌സ്വാള്‍ തന്നെയാണ് രോഹിതിനൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്ലും നാലാം നമ്പറില്‍ വിരാട് കോഹ്ലിയുമെത്തും. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ വിരാടിനും രോഹിതിനും സാധിച്ചിരുന്നില്ല. അതിനാല്‍ ഓസീസ് പരമ്പരക്ക് മുമ്പ് ഇരുവര്‍ക്കും ഫോം വീണ്ടെടുക്കാനുള്ള അവസാന അവസരമാണ് കിവീസിനെതിരായ പരമ്പര. മികച്ച ഫോമിലുള്ള യുവ നിരയോടൊപ്പം രോഹിതും കോഹ്ലിയും താളം കണ്ടെത്തിയാല്‍ കിവീസിനെതിരേ ഇന്ത്യന്‍ സര്‍വാധിപത്യം ഉറപ്പിക്കാം.
അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും ആറാമനായി കെ.എല്‍ രാഹുലുമാണ് ക്രീസിലെത്തുക. ഏഴും എട്ടും സ്ഥാനങ്ങളില്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനുമെത്തും. ബംഗ്ലാദേശിനെതിരേ അശ്വിന്റെ ബാറ്റിങ് പ്രകടനം നിര്‍ണായകമായിരുന്നു. ചിന്നസ്വാമിയിലെ പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരുമായാവും ഇന്ത്യ ഇറങ്ങുക. അങ്ങനെയെങ്കില്‍ മുഹമ്മദ് സിറാജിനെ പുറത്തിരുത്തി കുല്‍ദീപ് യാദവ് ടീമിലെത്തും. പേസര്‍മാരായി വൈസ് ക്യാപ്റ്റന്‍ ജസ്പ്രിത് ബുംറയും യുവതാരം ആകാശ്ദീപും കളത്തിലിറങ്ങും.

പരുക്കേറ്റ് പുറത്തുള്ള പ്രമുഖ താരം കെയന്‍ വില്യംസണിന്റെ അഭാവത്തോടെയാണ് ന്യൂസിലന്‍ഡ് പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. കൂടാതെ ശ്രീലങ്കക്കെതിരേ 20ന് പരമ്പര അടിയറവെച്ചാണ് കരുത്തരായ ഇന്ത്യയെ നേരിടാനെത്തുന്നതെന്നതും കിവികളുടെ നെഞ്ചിടിപ്പേറ്റും. ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും ജസ്പ്രിത് ബുംറയുമടങ്ങുന്ന ബൗളിങ് നിരയെ ഇന്ത്യയില്‍ കിവീസ് ബാറ്റിങ് നിര എങ്ങനെ നേരിടുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. വില്യംസന്റെ കൂടി അഭാവത്തില്‍ രചിന്‍ രവീന്ദ്രയുടെ ബാറ്റിങ്ങിനെ ആശ്രയിച്ചാവും മത്സരത്തില്‍ കിവീസിന്റെ നിലനില്‍പ്. ക്യാപ്റ്റന്‍ ടോം ലാഥമിനൊപ്പം ഡേവണ്‍ കോണ്‍വെയാണ് കിവി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രിത് ബുംറ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്്, ധ്രുവ് ജുറല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

ന്യൂസിലന്‍ഡ് സ്‌ക്വാഡ്

ടോം ലാഥം(ക്യാപ്റ്റന്‍), ഡേവണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, മാര്‍ക് ചാപ്മാന്‍, വില്‍ യങ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര, ടോം ബ്ലണ്ടല്‍, അജാസ് പട്ടേല്‍, മാറ്റ് ഹെന്റി, ടിം സൗത്തി, വില്യം ഒറൗര്‍കെ, ജേക്കബ് ഡഫി.

ഫൈനലില്‍ കണ്ണുനട്ട്

അടുത്ത വര്‍ഷം നടക്കുന്ന വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാന്‍ ഇന്ത്യക്ക് ഇനിവേണ്ട് മൂന്ന് വിജയം. ബാക്കിയുള്ളത് എട്ട് മത്സരങ്ങളും. അതിനാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം. അല്ലെങ്കില്‍ അടുത്ത മാസം ആസ്‌ത്രേലിയക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ പ്രകടനത്തെ ആശ്രയിച്ചാവും ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. അതിനാല്‍ ഓസീസിലേക്ക് പറക്കും മുമ്പേ എന്ത് വിലകൊടുത്തും പരമ്പര തൂത്തുവാരാനുറച്ചാവും രോഹിത് ശര്‍മയും സംഘവും പരമ്പരക്കിറങ്ങുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts