ഒരു വര്‍ഷമായുളള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ജയമില്ലാത്ത യാത്രയ്ക്ക് അവസാനം കുറിക്കാനുറച്ച് മനോലോ മാര്‍ക്വസും സംഘവും ഇന്ന് കളത്തിലിറങ്ങുന്നു. ഹൈദരാബാദിലെ ജി.എം.സി ബാലയോഗി ഗച്ചിബൗളി സ്‌റ്റേഡിയത്തില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി. രാത്രി 7.30മുതല്‍ നടക്കുന്ന മത്സരം സ്‌പോര്‍ട്‌സ് 18ലും ജിയോ സിനിമയിലും തത്സമയം കാണാം. 2023 നവംബര്‍ 16ന് കുവൈത്തിനെതിരേയാണ് ഇന്ത്യ അവസാനമായി ഒരു മത്സരം ജയിച്ചത്.
ഈ വര്‍ഷം ഇന്ത്യ കളിച്ചത് 10 മത്സരങ്ങളാണ്. ഇതില്‍ ആറ് എണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ നാലെണ്ണം സമനിലയില്‍ കലാശിച്ചു. പരിശീലക സ്ഥാനമേറ്റ ശേഷം ആദ്യ ജയത്തിനുള്ള കാത്തിരിപ്പും ഇന്ന് അവസാനിപ്പിക്കാമെന്ന മോഹത്തിലാണ് മനോലോ മാര്‍ക്വസ് ഇന്ന് ടീമിനെ കളത്തിലിറക്കുന്നത്. മൂന്ന് മത്സരങ്ങളാണ് മാര്‍ക്വസിന് കീഴില്‍ ഇന്ത്യ കളത്തിലിറങ്ങിയത്. ഇതില്‍ ഒരു പരാജയവും രണ്ടു സമനിലയുമായിരുന്നു ഫലം. ഇന്നും ജയിക്കാനായില്ലെങ്കില്‍ ഈ വര്‍ഷം ഒരു ജയം പോലുമില്ലാതെ അവസാനിപ്പിക്കാനാകും ടീം ഇന്ത്യയുടെ വിധി.
പരുക്കേറ്റ് പുറത്തായിരുന്ന പ്രതിരോധ താരം സന്ദേശ് ജിംഗന്‍ 10 മാസത്തെ ഇടവേളയ്ക്കുശേഷം ടീമിലെത്തുന്നതാണ് ഇന്ത്യന്‍ ടീമിന്റെ ആശ്വാസം. കഴിഞ്ഞ ജനുവരിയില്‍ എ.എഫ്.സി ഏഷ്യന്‍ കപ്പിലാണ് താരം അവസാനമായി ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നത്. ഗുര്‍പ്രീത് സിങ് തന്നെയാകും ഇന്നും ഇന്ത്യയുടെ വലകാക്കാനെത്തുക. രാഹുല്‍ ബെക്കെയും അന്‍വര്‍ അലിയും ജിംഗനൊപ്പം പ്രതിരോധനിരയിലെത്തും. അപ്പൂയയും സുരേഷ് സിങ്ങും ബ്രാന്‍ഡനും മധ്യനിരയിലും ചാങ്‌തെ, ഫാറൂഖ് ചൗധരിയും മുന്നേറ്റത്തിലും ആദ്യ ഇലവിനില്‍ സ്ഥാനം പിടിച്ചേക്കും.
കഴിഞ്ഞ മാസം വിയറ്റ്‌നാമിനെതിരേ നടന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യ 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു.
മറുഭാഗത്ത് കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തില്‍ ലാവോസിനെ 3-1ന് പരാജയപ്പെടുത്തിയാണ് മലേഷ്യയെത്തുന്നത്. അവസാന അഞ്ച് മത്സരങ്ങളില്‍ മൂന്ന് സമനിലയും രണ്ട് തോല്‍വിയുമാണ് ഇന്ത്യയുടെ സമ്പാദ്യമെങ്കില്‍ അഞ്ചില്‍ നാലും ജയിച്ചാണ് മലേഷ്യയുടെ വരവ്.
ഫിഫ റാങ്കിങ്
ഇന്ത്യ – 125 നിലവിലെ ഫിഫ റാങ്കിങ്ങിൽ 125ാം സ്ഥാനത്താണ് ഇന്ത്യ. 133 ആണ് മലേഷ്യയുടെ സ്ഥാനം.
ഇന്ത്യ -സാധ്യത ഇലവന്‍-
ഗുര്‍പ്രീത് സിങ് സന്ധു, രാഹുല്‍ ബെക്കെ, സന്ദേഷ് ജിംഗാന്‍, അന്‍വര്‍ അലി, ആശിഷ് റായ്, അപ്പൂയ, സുരേഷ് സിങ്, റോഷന്‍ സിങ്, ലാലിയന്‍ സുവാല ചാങ്‌തെ, ഫാറൂഖ് ചൗധരി, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്.