ടി20 ലോകകപ്പ്: ഇന്ത്യ സെമിയിൽ
ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പകരമാവില്ലെങ്കിലും ഓസീസിന്റെ ടി20 ലോകകപ്പ് സെമി മോഹങ്ങളെ നൂല്‍പാലത്തിലാക്കി ഇന്ത്യ. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ 24 റണ്‍സിനാണ് ഇന്ത്യ ഓസീസിനെ തകര്‍ത്തത്. ഇതോടെ ഗ്രൂപ്പ് ഒന്നില്‍ നിന്ന് ആറു പോയിന്റോടെ ഇന്ത്യ അനായാസം സെമിയിലെത്തുകയും ചെയ്തു. നിലവില്‍ രണ്ടു പോയിന്റുമായി ആസ്‌ത്രേലിയയാണ് രണ്ടാമത്. എന്നാല്‍ രണ്ടു പോയിന്റു തന്നെയുള്ള അഫ്ഗാന്‍ ഇന്ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാല്‍ അവര്‍ക്ക് ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താം. അതോടെ ആസ്‌ത്രേലിയ പുറത്താകും.
എന്നാല്‍ അഫ്ഗാന്‍ പരാജയപ്പെട്ടാല്‍ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഗ്രൂപ്പിലെ രണ്ടാം സെമിഫൈനലിസ്റ്റിനെ തീരുമാനിക്കും.
സെമി ഉറപ്പിക്കാന്‍ ജയം അനിവാര്യമായിരുന്ന ഓസീസിനെ തീര്‍ത്തും നിഷ്പ്രഭമാക്കിയാണ് ഇന്ത്യ ജയം കൈപിടിയിലൊതുക്കിയത്. വെടിക്കെട്ട് പ്രകടനം നടത്തിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയ ശില്‍പി. 41 പന്തില്‍ 92 റണ്‍സാണ് താരം നേടിയത്. രോഹിതിന്റെ മികവില്‍ ആദ്യം ബാറ്റ്‌ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ചിന് 205 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ ഓസീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 181 റണ്‍സാണ്് നേടാന്‍ കഴിഞ്ഞത്. 43 പന്തില്‍ 76 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് അവരുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി അര്‍ഷദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി.