മലേഷ്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യത ടീം പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ വിബിന്‍ മോഹനനും ജിതിന്‍ എം.എസും ടീമില്‍ ഇടം പിടിച്ചു
കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകന്‍ മനോലോ മാര്‍ക്വസാണ് ടീം പ്രഖ്യാപിച്ചത്. ഇന്റര്‍നാഷണല്‍ ബ്രേക്കിന്റെ സമയത്ത് ഈ മാസം 18ന് ഹൈദരാബാദിലെ ജി.എം.സി ബാലയോഗി ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം. പരിശീലന ക്യാംപിനായി നവംബര്‍ 11ന് ടീം ഹൈദരാബാദില്‍ എത്തിച്ചേരും. ഏറ്റവും പുതിയ ഫിഫ റാങ്കിങ് അനുസരിച്ച് 133ാം സ്ഥാനത്താണ് മലേഷ്യ. ഒരു വര്‍ഷം മുന്‍പ്, 2023 ഒക്ടോബറില്‍ മെര്‍ദേക്ക കപ്പ് സെമിഫൈനലില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഇന്ത്യ, മലേഷ്യയോട് പരാജയപ്പെട്ടിരുന്നു.മുന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന് പകരക്കാരനായി സ്ഥാനമേറ്റെടുത്ത സ്പാനിഷ് പരിശീലകന്‍ മനോലോ മാര്‍ക്വേസിന് കീഴില്‍ ഇന്ത്യ ഇതുവരെയും ജയം കണ്ടിട്ടില്ല. കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടു സമനിലയും ഒരു തോല്‍വിയുമാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന് കീഴില്‍ നാലാമത്തെ മത്സരത്തിലേക്ക് ഇറങ്ങുമ്പോള്‍, ജയം നേടി ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമായിരിക്കും നീലകടുവകള്‍ക്ക് ഉണ്ടാകുക. 2027 എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ട് മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കെ, മനോലോക്ക് പരീക്ഷണങ്ങള്‍ നടത്താനുള്ള അവസാന അവസരമാണ് മലേഷ്യക്ക് എതിരായ മത്സരം.
ഗോള്‍കീപ്പര്‍മാര്‍: അമരീന്ദര്‍ സിങ്, ഗുര്‍പ്രീത് സിങ് സന്ധു, വിശാല്‍ കൈത്.
പ്രതിരോധനിര: ആകാശ് സാങ്‌വാന്‍, അന്‍വര്‍ അലി, ആശിഷ് റായ്, ചിംഗ്‌ലെന്‍സന സിങ് കോണ്‍ഷാം, ഹ്മിംഗ്തന്‍മാവിയ റാള്‍ട്ടെ, മെഹ്താബ് സിങ്, രാഹുല്‍ ഭേക്കെ, റോഷന്‍ സിങ് നൗറെം, സന്ദേശ് ജിംഗന്‍.
മധ്യനിര: അനിരുദ്ധ് ഥാപ്പ, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ജീക്‌സണ്‍ സിങ് തൗണോജം, ജിതിന്‍ എം.എസ്, ലാലെങ്മാവിയ റാള്‍ട്ടെ, ലിസ്റ്റണ്‍ കൊളാക്കോ, സുരേഷ് സിങ് വാങ്ജാം, വിബിന്‍ മോഹനന്‍.
മുന്നേറ്റനിര: എഡ്മണ്ട് ലാല്‍റിന്‍ഡിക, ഇര്‍ഫാന്‍ യാദ്വാദ്, ഫാറൂഖ് ചൗധരി, ലാലിയന്‍സുവാല ചാങ്‌തെ, മന്‍വീര്‍ സിങ്, വിക്രം പര്‍താപ് സിങ്.