മ്യാന്മാറിനെതിരേയുള്ള സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് സമനില. ഇന്ന് നടന്ന മത്സരത്തിൽ 1-1 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. ആദ്യ മത്സരത്തിൽ മ്യാന്മാറിനോട് 2-1ന് പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ ജയത്തോടെ തിരിച്ചുവരാനായിരുന്നു കളത്തിലിറങ്ങിയത്. ആശലത ദേവി നയിച്ച ടീമിൽ സംഗീത, സഞ്ജു, അഞ്ജു തമാങ്, സാസ, അരുണ എന്നിവർ ആദ്യ ഇലവൽ സ്ഥാനം പിടിച്ചപ്പോൾ സന്ധ്യ, ജ്യോതി എന്നിവർക്ക് ബെഞ്ചിലായിരുന്നു സ്ഥാനം.
മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ ശക്തമായ മഴ പെയ്തത് ഇരുടീമുകളുടെയും പ്രകടനത്തെ ബാധിച്ചു. 48ാം മിനുട്ടിൽ പ്യാരി സാസയായിരുന്നു ഇന്ത്യക്കായി ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ മത്സരത്തിൽ മുൻകൈയെടുത്ത ഇന്ത്യ പിന്നീട് മ്യാൻമാറിന്റെ പോസ്റ്റിലേക്ക് കൂടുതൽ മുന്നേറ്റങ്ങൾ നടത്തി.
എന്നാൽ പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. മത്സരം പുരോഗമിക്കവെ 50ാം മിനുട്ടിൽ വിൻ ടുനിന്റെ ഗോളിൽ മ്യാൻമർ സമനില പിടിച്ചു. പിന്നീട് വിജയ ഗോളിനായി ഇരു ടീമുകളും ശക്തമായ പൊരുതി നോക്കിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. ഇതോടെ മത്സരം 1-1 എന്ന സ്‌കോറിന് സമനിലയിൽ അവസാനിക്കുകയായിരുന്നു.