വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ പടിക്കൽ കലമുടച്ച് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ശ്രീലങ്കക്കെതിരേ എട്ടു വിക്കറ്റിന്റെ തോൽവിയായിരുന്നു ഇന്ത്യ വഴങ്ങിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടിക്കിറങ്ങിയ ശ്രീലങ്ക 18.4 ഓവറിൽ 167 റൺസ് നേടി ലക്ഷ്യം മറികടക്കുകയായിരുന്നു.
ടൂർണമെന്റിൽ ഫൈനൽ വരെ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് ഫൈനലിൽ മികവ് തുടരാനായില്ല. ഓപണറായി എത്തിയ സ്മൃതി മന്ഥനയുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് മെച്ചപ്പെട്ട സ്‌കോർ നേടാൻ സഹായകമായത്. 47 പന്തിൽ 10 ഫോർ ഉൾപ്പെടെ 60 റൺസാണ് മന്ഥന നേടിയത്. ഷഫാലി വർമ 19 പന്തിൽ 16 റൺസ് നേടിയപ്പോൾ ക്യാപ്റ്റർ ഹർമൻപ്രീത് കൗറിന് തിളങ്ങാനായില്ല. 11 പന്തിൽ 11 റൺസ് മാത്രമാണ് താരം നേടിയത്.
16 പന്തിൽ 29 റൺസുമായി ജമീമ റോഡ്രിഗ്രസ്, 14 പന്തിൽ 30 റൺസുമായി റിച്ച ഘോഷ് എന്നിവരും സ്‌കോർ ബോർഡിലേക്ക് മികച്ച സംഭാവന നൽകി. എന്നാൽ ബൗളിങ്ങിൽ ഇന്ത്യൻ വനിതകൾക്ക് തിളങ്ങാനായില്ല. ഓപണർ വിഷ്മി ഗുണരത്‌നെയെ ആദ്യം പുറത്തായിക്കിയെങ്കിലും പിന്നീട് വിക്കറ്റുകൾ വീഴ്ത്തുന്നതിൽ ബൗളർമാർ പരാജയപ്പെട്ടു. ക്യാപ്റ്റൻ ചമരി അട്ടപ്പെട്ടു 43 പന്തിൽ 61 റൺസ് നേടി.
51 പന്തിൽ 69 റൺസുമായി ഹർഷിതയും 16 പന്തിൽ 30 റൺസുമായി കവിഷ ദിൽഹാരിയുമായിരുന്നു ലങ്കയെ വിജയതീരത്തെത്തിച്ചത്. ദീപ്തി ശർമക്കായിരുന്നു ലങ്കയുടെ ഏക വിക്കറ്റ് ലഭിച്ചത്. മറ്റൊന്ന് റണ്ണൗട്ടായിരുന്നു. സെപ്തംബർ 28ന് വെസ്റ്റ് ഇൻഡീസിനെതിരേ വനിതാ ടി20 ലോകകപ്പിന്റെ വാം അപ് മത്സരമാണ് ഇന്ത്യൻ വനിതകൾക്ക് അടുത്ത മത്സരം.