ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ വീണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. 105 പന്തില്‍ നിന്ന് 99 റണ്‍സെടുത്ത പന്തിനെ വില്യം ഒറൗര്‍ക്കെ ബൗള്‍ഡാക്കുകയായിരുന്നു. ഒടുവില്‍ വിരവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 441 എന്ന നിലയിലാണ്. നിലവില്‍ ഇന്ത്യക്ക് 95 റണ്‍സ് ലീഡുണ്ട്.
കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് ഇന്ന് കളിക്കാനാകില്ല എന്ന് കരുതിയ പന്ത് പരിക്ക് സഹിച്ച് ഇന്ത്യക്ക് ആയി പൊരുതുകയായിരുന്നു. കാല്‍മുട്ടില്‍ വലിയ സ്ട്രാപ്പ് കെട്ടി ആണ് പന്ത് ഇന്ന് ഇറങ്ങിയത്. എങ്കിലും തന്റെ ശൈലി മാറ്റാതെ ആക്രമണോത്സുകമായ ഫിഫ്റ്റിയുമായി പന്ത് ഇന്ത്യയുടെ പോരാട്ടത്തെ സഹായിച്ചു. വെറും 55 പന്തില്‍ നിന്നാണ് പന്ത് ഫിഫ്റ്റിയില്‍ എത്തിയത്. സര്‍ഫറാസ് ഖാനൊപ്പം നാലാം വിക്കറ്റില്‍ 177 റണ്‍സ് കൂട്ടിചേര്‍ക്കാനും പന്തിനായി. നേരത്തെ സര്‍ഫറാസ് ഖാന്‍ (150) സെഞ്ചുറി നേടി പുറത്തായിരുന്നു.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി. അധികം വൈകാതെ സെഞ്ചുറിയും പൂര്‍ത്തിയാക്കി. എന്നാല്‍ 150 പൂര്‍ത്തിയാക്കിയ ഉടനെ താരം പുറത്തായി. ടിം സൗത്തിയുടെ പന്തില്‍ അജാസ് പട്ടേലിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. മൂന്ന് സിക്‌സും 18 ഫോറും ഉള്‍പ്പെടുന്നതായിരന്നു സര്‍ഫറാസിന്റെ ഇന്നിങ്‌സ്. പിന്നാലെ റിഷഭ് പന്ത് മടങ്ങി. തുടര്‍ന്നെത്തിയ കെ.എല്‍ രാഹുല്‍ (12), രവീന്ദ്ര ജഡേജ (5) എന്നിവര്‍ നിരാശപ്പെടുത്തി. നിലവില്‍ അശ്വിനും കുല്‍ദീപ് യാദവുമാണ് ക്രീസില്‍. ന്യൂസിലന്‍ഡിനായി ഒറൗര്‍കെ മൂന്നും അജാസ് പട്ടേല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.