ഐ ലീഗിൽ ജയമില്ലാതെ വീണ്ടും ഗോകുലം കേരള. ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ചർച്ചിൽ ബ്രദേഴ്‌സിനോടായിരുന്നു ഗോകുലം പരാജയപ്പെട്ടത്. സെർജിയോയുടെ ക്യാപ്റ്റൻസിയിലായിരുന്നു ഗോകുലം ഇറങ്ങിയത്. ജയം പ്രതീക്ഷിച്ചിറങ്ങിയ മലബാറിയൻസിന് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു.
ശക്തമായ മുന്നേറ്റത്തിനൊടുവിൽ 13ാം മിനുട്ടിലായിരുന്നു ഗോകുലത്തിന്റെ വലയിൽ ആദ്യ ഗോൾ വീണത്. ചർച്ചിൽ മധ്യനിര ചാരം സ്റ്റാൻലി ഫെർഡാണ്ടസാണ് ഗോൾ നേടിയത്. ഒരു ഗോൾ വഴങ്ങിയതോടെ ഗോൾ മടക്കാനായി ഗോകുലം താരങ്ങൾ അക്രമണം കടുപ്പിച്ചെങ്കിലും പല മുന്നേറ്റങ്ങളും എതിർ പോസ്റ്റിൽ അവസാനിക്കുകകായിരുന്നു. അദ്യ പകുതിയിൽ ഗോൾ മടക്കാൻ ഗോകുലം ലീഡ് വർധിപ്പിക്കാൻ ചർച്ചിലും ശക്തമായി ശ്രമിച്ചതോടെ മത്സരം അൽപം പരുക്കനായി.
തുടർന്ന് ആദ്യ പകുതിയിൽ തന്നെ മൂന്ന് താരങ്ങളായിരുന്നു മഞ്ഞക്കാർഡ് കണ്ടത്. രണ്ടാം പകുതിയിലും ഗോൾ മടക്കാൻ ഗോകുലം ശക്തമായ നീക്കങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാലു മത്സരത്തിൽനിന്ന് അഞ്ചു പോയിന്റുള്ള ഗോകുലം പട്ടികയിൽ ഏഴാം സ്ഥാനത്ത് തുടരുന്നു.