ഒളിംപ്ക്സ് ഫുട്ബോളിൽ ഫ്രാൻസ് – അർജൻ്റീന നേർക്കുനേർ
2022ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിലെ പരാജയം, കോപ്പ വിജയാഘോഷത്തിനിടെ വംശീയ പരാമര്‍ശങ്ങള്‍, എല്ലാത്തിനും പക വീട്ടാന്‍ ഫ്രാന്‍സിന് സ്വന്തം നാട്ടില്‍ അവസരം. പാരിസ് ഒളിംപിക്‌സ് ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലാണ് കൊമ്പ്‌കോര്‍ക്കുന്നത്. ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ എത്തുന്നത്. എന്നാല്‍ ?ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീന ആദ്യ മത്സരത്തില്‍ മൊറോക്കോയോട് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ശക്തമായ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് വഴിയൊരുങ്ങിയത്.
ഗ്രൂപ്പ് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് തിയറി ഹെന്റി പരിശീലിപ്പിക്കുന്ന ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ആദ്യ മത്സരത്തില്‍ മൊറോക്കോയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയശേഷം തുടര്‍ ജയങ്ങളുമായാണ് ഹാവിയര്‍ മഷെറാനോ പരിശീലിപ്പിക്കുന്ന അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഫ്രാന്‍സ് ന്യൂസിലന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തപ്പോള്‍ അര്‍ജന്റീന യുക്രൈനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി. ഓഗസ്റ്റ് രണ്ടിന് അര്‍ധരാത്രി 12.30 മുതലാണ് ക്വാര്‍ട്ടര്‍ പോരാട്ടം നടക്കുക. കോപ അമേരിക്ക കിരീടം നേടിയശേഷം അര്‍ജന്റീന താരങ്ങള്‍ ഫ്രാന്‍സ് താരങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശങ്ങളുള്ള പാട്ടപുപാടി നൃത്തം ചെയ്യുന്നതിന്റെയും സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ആഫ്രിക്കന്‍ പാരമ്പര്യത്തിനെ കളിയാക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നത് വിവാദമായിരുന്നു. അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
2022ലെ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ വീഴ്ത്തിയാണ് അര്‍ജന്റീന മൂന്നാം ലോകകപ്പ് നേടിയത്. ലോകകപ്പ് നേട്ടത്തിനുശേഷവും അര്‍ജന്റീന താരങ്ങള്‍ കിലിയന്‍ ഫ്രാന്‍സ് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചതായി ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിനൊക്കെ പിറകെയാണ് ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍വരുന്നത്.
ഓഗസ്റ്റ് രണ്ടിന് വൈകീട്ട് 6.30ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മൊറോക്ക അമേരിക്കയെ നേരിടും. 8.30ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ സ്‌പെയ്‌നും ജപ്പാനും ഏറ്റുമുട്ടും. ഓഗസ്റ്റ് രണ്ടിന് തന്നെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലും നടക്കും. ഈജിപ്തും പരാഗെയും തമ്മിലാണ് മൂന്നാം ക്വാര്‍ട്ടര്‍ നടക്കുക.
വനിതകളുടെ ഫുട്‌ബോളില്‍ അവസാന റൗണ്ട് മത്സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. നിലവില്‍ അമേരിക്ക, സ്‌പെയിന്‍ വനിത ടീമുകളാണ് ഏകദേശം ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിരിക്കുന്നത്. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി ?ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീല്‍ വനിതകള്‍ ഇന്ന് സ്‌പെയിനിനെ നേരിടുന്നുണ്ട്.