പോർച്ചുഗൽ-ഫ്രാൻസ് മത്സരം രാത്രി 12.30ന്
യൂറോകപ്പിൽ ഇന്ന് രാത്രി 12.30ന് നടക്കുന്ന പോർച്ചുഗൽ-ഫ്രാൻസ് മത്സരവും പ്രവചനങ്ങൾക്കതീതമാണ്. എങ്കിലും കണക്കുകൾ നിരത്തിയാൽ ആർക്കാണ് മുൻതൂക്കമെന്ന് നോക്കാനാകും. ഗ്രൂപ്പ് ഡിയിൽനിന്ന് മൂന്ന് മത്സരത്തിൽ അഞ്ചു പോയിന്റ് നേടിയാണ് മുൻ ലോകചാംപ്യൻമാർ പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. ഒരു തരത്തിൽ പറയുകയാണെങ്കിൽ തട്ടിയും മുട്ടിയും എന്ന് വേണമെങ്കിൽ പറയാനാകും.
മുന്നേറ്റതാരം കിലിയൻ എംബാപ്പെയുടെ പരുക്കായിരിക്കണം ഫ്രാൻസിന്റെ മുന്നേറ്റത്തിന് തിരിച്ചടിയായതെന്ന് വിലയിരുത്തേണ്ടി വരും. മൂക്കിന് പരുക്കേറ്റതിന് പിന്നീട് അദ്ദേഹം മാസ്‌ക് ധരിച്ചായിരുന്നു കളിച്ചിരുന്നത്. ഇത് എംബാപ്പെയുടെ പ്രകടനത്തെ തെല്ല് ബാധിച്ചിട്ടുണ്ട്. എങ്കിലും പ്രീ ക്വാർട്ടറിൽ ഫ്രാൻസ് മികച്ച നീക്കങ്ങൾ നടത്തി.
പ്രീ ക്വാർട്ടറിൽ ലോക ഫുട്‌ബോളിലെ കരുത്തൻമാരായ ബെൽജിയത്തെ തോൽപിച്ചായിരുന്നു ഫ്രാൻസ് ക്വാർട്ടർ ടിക്കറ്റുറപ്പിച്ചത്. എതിരാളികളായ പോർച്ചുഗലിന് ഗ്രൂപ്പ്ഘട്ടം അത്ര മികച്ചതായിരുന്നില്ല. ജോർജിയയോട് പരാജയപ്പെട്ട പറങ്കികൾ മൂന്ന് മത്സരത്തിൽ ആറു പോയിന്റ് മാത്രം നേടിയായിരുന്നു പ്രീ ക്വാർട്ടർ ടിക്കറ്റുറപ്പിച്ചത്. പ്രീ ക്വാർട്ടറിൽ സ്ലോവേനിയയയോടും ഈസി വാക്കോവർ ലഭിക്കാതെയായിരുന്നു പോർച്ചുഗലിന്റെ ക്വാർട്ടർ പ്രവേശനം.
ഗോൾ രഹിതമായി അവസാന മത്സരത്തിൽ പെനാൽറ്റിയിൽ 3-0ത്തിന് സ്ലോവേനിയയെ വീഴ്ത്തിയായിരുന്നു പോർച്ചുഗൽ ക്വാർട്ടർ ഉറപ്പിച്ചത്. 2019ൽ യൂറോപ്പിലെ രാജാക്കൻമാരായ ക്രിസ്റ്റിയാനോയും സംഘവും ഇത്തവണയും കിരീടത്തിൽ കണ്ണുവെച്ചാണ് എത്തുന്നത്. എന്നാൽ ഇന്നത്തെ മത്സരത്തിൽ ഫ്രാൻസിനെ മറികടക്കാൻ കഴിയുമോ എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.
പരുക്കേറ്റ എംബാപ്പെയും ഫ്രാൻസിന് വേണ്ടിയും ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന് വേണ്ടിയും ഇന്ന് ആദ്യ ഇലവനിൽ എത്തുമെന്ന റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നുണ്ട്. ചരിത്രത്തിലെ കണക്കുകൾ പരിശോധിച്ചാൽ കൂടുതൽ ജയം ഫ്രാൻസിന് തന്നെയാണ്. 25 തവണയാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ ആറു തവണ പോർച്ചുഗൽ ജയിച്ചപ്പോൾ 16 തവണയും ഫ്രാൻസിനൊപ്പമായിരുന്നു ജയം. മൂന്ന് മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു.