ലോകത്തിന്റെ കണ്ണും കാതും നാളെ ജർമനിയിലെ ബെർലിനിലുള്ള ഒളിംപ്യ സ്റ്റോഡിയോണിലേക്ക് നീളുമ്പോൾ സ്‌പെയിൻകാരുടെ ശ്രദ്ധ മുഴുവനും രണ്ട് രാജ്യത്തേക്കായിരിക്കും. ഒരേ സമയം ജർമനിയിലേക്കും ഇംഗ്ലണ്ടിലേക്കുമായിരിക്കും നാളെ സ്‌പെയിൻകാരുടെ ശ്രദ്ധമുഴുവനും. യൂറോകപ്പിന്റെ നാലാം കിരീടം തേടി സ്‌പെയിൻ നാളെ രാത്രി 12.30ന് ഇംഗ്ലണ്ടിനെ നേരിടുമ്പോൾ നാളെ വിംബിൾഡിനിൽ കിരീടം നേടിയ സ്പാനിഷ് താരം കാർലോസ് അൽകാരസും കോർട്ടിലിറങ്ങുന്നുണ്ട്.
വിംബിൾഡനിലെ നിലവിലെ ചാംപ്യനും ഈ വർഷത്തെ ഫ്രഞ്ച് ഓപൺ ജേതാവുമായ അൽകാരസ് ടെന്നീസ് രാജാവ് സെർബിയൻ താരം നൊവാക് ദ്യോകോവിച്ചിനെയാണ് നേരിടുന്നത്. ഇപ്പോൾ മത്സരത്തിന്റെ സമയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യൂറോയിൽ പന്തുരുണ്ട് തുടങ്ങുമ്പോഴേക്കും വിംബിൾഡനിലെ രാജാവിന്റെ കാര്യത്തിലും തീരുമാനമായിട്ടുണ്ടാകും. വിംബിൾഡനിലും ഫുട്‌ബോളിലും സ്‌പെയിനിന്റെ പേര് പതിയണേ എന്ന പ്രാർഥനയിലാകും നാളെ സ്‌പെയിനിലെ ജനങ്ങൾ.
അതേസമയം വിംബിൾഡനിന്റെ വനിതാ വിഭാഗത്തിൽ ചെക്ക് റിപ്പബ്ലിക് താരം ബാർബോറ ക്രിക്കോവ കിരീടം സ്വന്തമാക്കി. ഫൈനലിൽ ഇറ്റാലിയൻ താരം ജാസ്മിൻ പൗളിനിയെയാണ് ക്രിക്കോവ തോൽപിച്ചത്. ആദ്യ സെറ്റ് 6-2ന് ക്രിക്കോവ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ പൗളിനി 6-2ന് എന്ന സ്‌കോറിന് ജയിച്ച് മത്സരം സമനിലയിലാക്കി. എന്നാൽ മൂന്നാം സെറ്റിൽ ശക്തമായി പൊരുതിയ ക്രിക്കോവ 6-4ന് സെറ്റും മത്സരവും സ്വന്തം പേരിലാക്കുകയായിരുന്നു. അടുത്തിടെ നടന്ന ഫ്രഞ്ച് ഓപൺ ഫൈനലിലും പൗളിനി കളിച്ചിരുന്നെങ്കിലും അന്ന് ഇഗ സ്വയ്തകിനോട് തോൽക്കുകയായിരുന്നു. ഇതോടെ രണ്ട് മാസത്തിനുള്ള തുടർച്ചയായ രണ്ടാം ഫൈനൽ തോൽവിയാണ് പൗളിനിയുടേത്.