കോപാ അമേരിക്ക കിരീടം നേടിയുള്ള ആഘോഷത്തിനിടെ ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന രീതിയിലുള്ള വീഡിയോ പോസ്റ്റ് ചെയ്ത അർജന്റൈൻ താരം എൻസോ ഫെർണാണ്ടസ് മാപ്പു പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് താരം മാപ്പു പറഞ്ഞത്. ” ദേശീയ ടീമിനൊപ്പമുള്ള ആഘോഷത്തിനിടെ എന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.
അതിൽ വളരെ നിന്ദ്യമായ ഭാഷയിലുള്ള സംസാരത്തിന് ഒരു ഒഴിവ് കഴിവും പറയുന്നില്ല. പൂർണമായും വിവേചനത്തിനെതിരെ നിലകൊള്ളുന്ന ഞാൻ ഞങ്ങളുടെ കോപാ അമേരിക്ക ആഘോഷങ്ങളുടെ ആഹ്ലാദത്തിൽ ഇത്തരത്തിൽ സംഭവിച്ചതിന് ക്ഷമ ചോദിക്കുന്നു. ആ വീഡിയോ, ആ നിമിഷം, ആ വാക്കുകൾ അത് ഒരിക്കലും എന്റെ വിശ്വാസമോ സ്വഭാവമോ അല്ല. അതിൽ ഞാൻ ആത്മാർഥമായി ഖേദിക്കുന്നു” എൻസോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
സംഭവത്തെ കുറിച്ച് ചെൽസി അന്വേഷണം നടത്തുന്നുണ്ടെന്നും ബി.ബി.സി സ്‌പോട്‌സ് റിപ്പോർട്ട് ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന് ചെൽസിയിലുള്ള ഏതാനും താരങ്ങൾ എൻസോയെ അൺ ഫോെേളാ ചെയ്തതായും വാർത്തകളുണ്ട്. ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ച് ശക്തമായ നടപടി എടുക്കാൻ ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷൻ ഫിഫക്ക് പരാതി നൽകിയിട്ടുണ്ട്.
അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷനും, ചെൽസിയും ഇക്കാര്യത്തിൽ ശക്തമയ അന്വേഷണം നടത്തുന്നുണ്ടെന്ന് ബി.ബി.സിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി ഫ്രഞ്ച് താരം വെസ്ല ഫൊഫാന രംഗത്തെത്തിയിരുന്നു.