യൂറോപ്പിലെ ഫുട്‌ബോൾ രാജാക്കൻമാർ ആരാണെന്നറിയാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ഫുട്‌ബോൾ ലോകം. കിരീടത്തിനായി സ്‌പെയിനും ഇംഗ്ലണ്ടും തമ്മിലാണ് പോരടിക്കുന്നത്. തുടർച്ചയായി രണ്ടാം തവണയും ഫൈനലിലെത്തിയ ഇംഗ്ലണ്ട് ഇത്തവണ കിരീടം തിരിച്ചു പിടിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് ഗരത് സൗത്‌ഗേറ്റിന്റെ ശിക്ഷണത്തിൽ ടീം കളത്തിലിറങ്ങുന്നത്.
ഫിഫ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ഇംഗ്ലണ്ട് തുടർച്ചയായ രണ്ടാം തവണയാണ് യൂറോകപ്പിന്റെ ഫൈനലിലെത്തുന്നത്. 11ാം തവണയാണ് ഇംഗ്ലണ്ട് യൂറോകപ്പിൽ കളിക്കുന്നത്.2020 യൂറോകപ്പിലും ഇംഗ്ലീഷ് സംഘം തന്നെയായിരുന്നു ഫൈനലിൽ എത്തിയ ഒരു ടീം. എന്നാൽ ഇറ്റലിക്കെതിരേ പെനാൽറ്റിയിൽ തോറ്റ ഇംഗ്ലണ്ട് അന്ന് നഷ്ടപ്പെട്ട കിരീടം ഇന്ന് തിരിച്ചു പിടിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
യൂറോകപ്പിലെ ഏറ്റവും മികച്ച ടീമാണ് ഇംഗ്ലണ്ടിന്റേതെങ്കിലും ഫൈനൽവരെ അവർക്ക് ഈസി റണ്ണിങ്ങായിരുന്നില്ല. പല ടീമുകളോടും അവസാന മിനുട്ടുവരെ നീണ്ടുപോയ മത്സരത്തിലായിരുന്നു ഇംഗ്ലീഷ് സംഘം ജയിച്ചു കയറിയത്. 1968 മുതൽ യൂറോകപ്പിൽ കളിക്കുന്നുണ്ടെങ്കിലും യൂറോപ്പിലെ ഏറ്റവും മികച്ച ടീമായ ഇംഗ്ലണ്ടിന് ഇതുവരെ യൂറോകപ്പ് കിരീടം സ്വന്തം നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഇന്നത്തെ മത്സരത്തിൽ സ്‌പെയിനിനെ വീഴ്ത്തി ഇംഗ്ലണ്ട് കിരീടം നേടുമോ എന്ന് കാത്തിരുന്ന് കാണാം.
27 മത്സരങ്ങളിലാണ് ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 10 മത്സരത്തിൽ സ്‌പെയിൻ ജയിച്ചപ്പോൾ 14 മത്സരത്തിൽ വെന്നിക്കൊടി പാറിച്ചത് ഇംഗ്ലണ്ടായിരുന്നു. മൂന്ന് മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. ഇന്ന് ഇംഗ്ലണ്ടിനായി ആരെല്ലാം ആദ്യ ഇലവനിലെത്തുമെന്ന് വായിക്കാം.