ഇംഗ്ലണ്ട്-നെതർലൻഡ് സാധ്യത ലൈനപ്പ്
യൂറോകപ്പ് കിരീടം തേടിയുള്ള രണ്ടാം സെമി ഫൈനൽ പോരാട്ടം ഇന്ന് രാത്രി 12.30ന് നടക്കുന്നത്. ആദ്യ സെമിയിൽ ഫ്രാൻസിനെ തോൽപിച്ച് ഫൈനലിൽ പ്രേവശിച്ച സ്‌പെയിനിന്റെ എതിരാളി ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ന് ഫുട്‌ബോൾ ലോകം. രണ്ടാം സെമിയിൽ ഇംഗ്ലണ്ടും നെതർലൻഡ്‌സും തമ്മിലാണ് കൊമ്പുകോർക്കുന്നത്.
യൂറോപ്പിലെ താരപ്പട മുഴുവൻ കൂടെയുണ്ടായിരുന്നിട്ടും ഇംഗ്ലണ്ടിന്റെ സെമിവരെയുള്ള യാത്ര തട്ടിയും മുട്ടിയുമായിരുന്നു. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും വിറച്ചാണെങ്കിലും ഇംഗ്ലണ്ട് ജയിച്ചു കയറി. ഇന്നത്തെ മത്സരത്തിൽ നെതർലൻഡ്‌സിനെ കൂടി വീഴ്ത്തിയാൽ ഫൈനലിൽ ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സൗത്‌ഗേറ്റ് ടീമിനെ കളത്തിലിറക്കുന്നത്.
ഗ്രൂപ്പ് സിയിലെ മൂന്ന് മത്സരത്തിൽനിന്ന് അഞ്ച് പോയിന്റ് നേടിയായിരുന്നു ഇംഗ്ലണ്ട് ക്വാർട്ടർ പ്രവേശനം സാധ്യമാക്കിയത്. ക്വാർട്ടറിൽ സ്ലോവാക്യക്കെതിരേ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ഇംഗ്ലണ്ടിന് ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡായിരുന്നു എതിരാളികൾ. ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡ് ഇംഗ്ലണ്ടിനെ നിശ്ചിത സമയത്ത് 1-1 എന്ന സ്‌കോറിന് സമനിലയിൽ തളച്ചെങ്കിലും പിന്നീട് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ഇംഗ്ലണ്ട് സെമിയുറപ്പിച്ചത്.
ടൂർണമെന്റിന്റെ തുടക്കം മുതൽ ഇംഗ്ലണ്ട് ടീമിനും പരിശീലകൻ സൗത്‌ഗേറ്റിനും ടീം സെലക്ഷന്റെ പേരിലും ടീം ഇറക്കുന്നതിന്റെ പേരിലും ഒരുപാട് പഴികേട്ടിരുന്നു. അതിനെല്ലാമുള്ള ഉത്തരം ഇന്നത്തെ മത്സരത്തിലുണ്ടാകുമോ എന്നത് കാത്തിരുന്ന് കാണാം. 11ാം തവണയാണ് ഇംഗ്ലണ്ട് യൂറോകപ്പിൽ കളിക്കുന്നത്. ആദ്യമായി 1968ലായിരുന്നു ഇംഗ്ലീഷ് സംഘം യൂറോകപ്പ് കിരീടം തേടി മൈതാനത്തെത്തിയത്.
2020ൽ റണ്ണേഴ്‌സപ്പായതൊഴിച്ചാൽ പറയത്തക്ക നേട്ടമൊന്നും ഇംഗ്ലണ്ട് സ്വന്തമാക്കിയിട്ടില്ല. അന്ന് നടന്ന ഫൈനലിൽ ഇറ്റലിക്കെതിരേ മുട്ടിയ ഇംഗ്ലണ്ടിന് ഇറ്റലിയുടെ പോരാട്ടവീര്യത്തിന് മുന്നിൽ അടിയറവ് പറയേണ്ടി വന്നു. എന്നാൽ കഥമാറിയിട്ടുണ്ട്. യൂറോപ്പിലെ പ്രധാനപ്പെട്ട ക്ലബുകളിൽ കളിക്കുന്ന പ്രധാന താരങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ ഇംഗ്ലീഷ് സംഘം.
അതിനാൽ പൊരുതി ജയിക്കാൻ തന്നെയാകും സൗത്‌ഗേറ്റിന്റെ തീരുമാനം. ചരിത്രത്തിൽ 22 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ ഏഴു തവണ ജയിച്ചു കയറിയ നെതർലൻഡ്‌സിന് തന്നെയാണ് ജയത്തിൽ മുൻഗണ. ആറു മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ ഒൻപത് മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. എന്നാൽ നിലവിലെ അവസ്ഥയിൽ ശക്തരായ ഇംഗ്ലണ്ടിനെ വീഴ്ത്താൻ കഠിന പ്രയത്‌നം തന്നെ വേണ്ടിവരും. അതിനാൽ ഇന്ന് സിഗ്‌നൽ ഇഡുന പാർക്കിൽ തീ പാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാം.