സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീക്വാര്‍ട്ടര്‍ വിജയനിമിഷം ഇംഗ്ലണ്ട് താരങ്ങള്‍ ഒന്നടങ്കം ഗോള്‍ കീപ്പര്‍ പിക്‌ഫോഡിനടുത്തേക്ക് കുതിച്ചു, എന്നാല്‍ അവരില്‍ ഒരാള്‍, മൈതാന മധ്യത്ത് മുട്ടുകുത്തിയിരുന്ന് ഇരു ചൂണ്ടുവിരലുകളും ആകാശത്തേക്ക് ചൂണ്ടി എന്തൊക്കെയോ മന്ത്രിക്കുന്നുണ്ടായിരുന്നു. ബുകായോ സാക എന്ന ആ 22കാരന്‍ തനിച്ചിരുന്ന് സെമിപ്രവേശനം ആഘോഷിച്ചതിനു പിന്നില്‍ ഒരു കഥയുണ്ട്. തന്റെ മനസിനെ പിടിച്ചുലക്കുന്ന ഒരു വര്‍ണവെറിയുടെ കഥ.
2021 ജൂലൈ 11, യുവേഫ യൂറോ കപ്പ് കലാശപ്പോരില്‍ ഇംഗ്ലണ്ടും ഇറ്റലിയും നേര്‍ക്കു നേര്‍, നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഒരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്.
അഞ്ചു പതിറ്റാണ്ട് പിന്നിട്ട ഇംഗ്ലീഷുകാരുടെ കിരീട വരള്‍ച്ചയകറ്റാന്‍ ഒരു പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ മാത്രം ദൂരം. എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അസൂറികളോട് കീഴടങ്ങാനായിരുന്നു അവരുടെ വിധി. ബുകായോ സാക, മാര്‍കസ് റാഷ്‌ഫോഡ്, ജേഡന്‍ സാഞ്ചോ എന്നിവരുടെ കിക്കുകള്‍ പാഴായതോടെയാണ് ഇംഗ്ലണ്ടിന്റെ കിരീടമോഹം അവസാനിച്ചത്.
തോല്‍വിക്ക് പിന്നാലെ ഇംഗ്ലീഷ് ആരാധകരെന്ന് പറയപ്പെടുന്ന വംശീയ വെറിയന്മാര്‍ തങ്ങളുടെ തനിസ്വരൂപം പുറത്തെടുത്തു. കറുത്ത വര്‍ഗക്കാരായ ഇവരെ മൂന്നുപേര്‍ക്കെതിരെയും അധിക്ഷേപം തുടങ്ങി. പെനാല്‍റ്റി പാഴായതിന്റെ സങ്കടത്തിനു പിറകെ സ്വന്തം നാട്ടില്‍ നിന്നുള്ള വംശീയ അധിക്ഷേപങ്ങള്‍ കൂടിയായതോടെ താരങ്ങള്‍ തളര്‍ന്നു. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരികെയ്‌നും ഫുട്‌ബോള്‍ ലോകമൊന്നടങ്കവും താരങ്ങളെ ചേര്‍ത്തു പിടിച്ചെങ്കിലും അതിനുമുയരത്തില്‍ അധിക്ഷേപങ്ങള്‍ ഉയര്‍ന്നു പൊങ്ങിയിരുന്നു. പിന്നീടങ്ങോട്ടും ഇംഗ്ലീഷ് ടീം പരാജയപ്പെടുമ്പോള്‍ മാത്രം പല ഇംഗ്ലീഷ് മാധ്യമങ്ങളും 19കാരനായ സാകയുടെ ചിത്രം മാത്രം ഹൈലൈറ്റ് ചെയ്തു. ടീം വിജയിക്കുമ്പോള്‍ താരത്തെ അവഗണിക്കുകയും ചെയ്തു.
കാലചക്രം വീണ്ടും കറങ്ങി. അടുത്ത യൂറോ കപ്പ് വന്നെത്തി. ഇംഗ്ലീഷ് മുന്നേറ്റ നിരയുടെ നെടുംതൂണായി സാക തന്നെ ടീമിലെത്തി. ഗ്രൂപ്പ് റൗണ്ടില്‍ രണ്ട് സമനില വഴങ്ങിയെങ്കിലും ഇംഗ്ലണ്ട് ഒന്നാമന്മാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. അവിടി സ്ലോവാക്യയോട് എക്‌സ്ട്രാ ടൈമില്‍ ജയിച്ച് അവസാന എട്ടില്‍ കടന്നു കൂടി.
ക്വാര്‍ട്ടറില്‍ എതിരാളിയായെത്തിയത് ചാംപ്യന്മാരായ ഇറ്റലിയെ തകര്‍ത്തെത്തുന്ന സ്വിറ്റ്‌സര്‍ലന്‍ഡ്. എങ്കിലും ഇംഗ്ലണ്ട് സ്വിസ് പടയെ അനായാസം വീഴ്ത്തുമെന്ന് ഫുട്‌ബോള്‍ നിരീക്ഷകര്‍ ഉറപ്പിച്ചു. എന്നാല്‍ മെര്‍കുര്‍ സ്‌പൈല്‍ അരീനയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ വിറപ്പിച്ചു നിര്‍ത്തി. 75ാം മിനുട്ടില്‍ ഇംഗ്ലീഷ് വലകുലുക്കി അവര്‍ സൗത്‌ഗേറ്റിനെയും സംഘത്തിനെയു ഞെട്ടിച്ചു. മറ്റൊരു ദുരന്തം കൂടി ഇംഗ്ലണ്ടുകാരുടെ തലക്കു മുകളിലെത്തി. വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ സൗത്‌ഗേറ്റിനെ ലക്ഷ്യമാക്കി സഞ്ചരിച്ചു തുടങ്ങിയിരിക്കണം. എന്നാല്‍ ഇംഗ്ലീഷുകാരുടെയും സൗത്‌ഗേറ്റിന്റെയും രക്ഷകനായി അവതരിക്കാന്‍ അന്നത്തെ ആ 19കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 80ാം മിനുട്ടില്‍ സ്വിസ് ബോക്‌സിനു പുറത്തു നിന്ന് സാക കാടുത്ത ലോങ് റേഞ്ചര്‍ സ്വിസ് പ്രതിരോധ നിരയേയും ഗോള്‍കീപ്പര്‍ സോമറിനെയും കാഴ്ചക്കാരാക്കി വലയെ ചുംബിച്ചു. സ്വിസ് താരങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്നിടത്തു നിന്ന് എവിടെ നിന്നോ പറന്നിറങ്ങിയ ഒരു മാലാഖ കണക്കെ സാക ഇ്ംഗണ്ടിന്റെ യൂറോ കപ്പിലെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് അധിക സമയത്തും മത്സരം 1-1ന് സമനില പാലിച്ചതോടെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്.
പെനാല്‍റ്റി ഷൂട്ടൗട്ടിനെ സംബന്ധിച്ച് നല്ല ഓര്‍മകളല്ല സാകയ്ക്കുള്ളത്. 2021ലെ ഓര്‍മകള്‍ ആ 22കാരന്റെ മനസില്‍ അലയടിച്ചിരിക്കണം. പക്ഷെ അവന്‍ കുലുങ്ങിയില്ല. ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിന്റെ മൂന്നാം കിക്കെടുക്കാന്‍ സൗത് ഗേറ്റ് നിയോഗിച്ചത് സാകയെ തന്നെ. മറക്കാനാഗ്രഹിക്കുന്ന ഓര്‍മകളെ ഗൗനിക്കാതെ യാന്‍ സോമറിനെ കാഴ്ചക്കാരനാക്കി അവന്‍ അനായാസം വലകുലുക്കി. അന്ന് പെനാല്‍റ്റി പാഴാക്കിയതിന് പലിശ സഹിതം അയാള്‍ ഇന്ന് മറുപടി നല്‍കി. മത്സരത്തിലെ താരമായതും സാക തന്നെ.
ഇനി നെതര്‍ലന്‍ഡ്‌സിനെതിരേയാണ് ഇംഗ്ലണ്ടിന്റെ സെമി. അന്നും ഇംഗ്ലീഷുകാരുടെ രക്ഷക്കായി അവന്‍ തന്നെയുണ്ടാവും. പക്ഷെ വര്‍ണവെറിയുമായി നടക്കുന്നവര്‍ അന്നും അവനെ അവഗണിച്ചേക്കും. എന്നാല്‍ ആ കഴുകക്കൂട്ടങ്ങള്‍ കാത്തിരിപ്പിലാവും, അവന്റെ ഒരു ചെറിയ പിഴവിനായി, അതിനു മേല്‍ അവനെ കൊത്തിവലിക്കാന്‍.