സൂപ്പർ എട്ട് മത്സരത്തിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ട്. ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ എട്ട് വിക്കറ്റിനാണ് ഇംഗ്ലീഷുകാരുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാമത്സരവും ജയിച്ച വിന്‍ഡീസിന്റെ ടൂര്‍ണമെന്റിലെ ആദ്യ തോല്‍വിയാണിത്. ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയും അമേരിക്കയുമാണ് ബാക്കിയുള്ള രണ്ട് ടീമുകള്‍.
47 പന്തില്‍ പുറത്താവാതെ 87 റണ്‍സാണ് സാള്‍ട്ട് നേടിയത്. ഇതില്‍ അഞ്ച് സിക്‌സറുകളും ഏഴ് ഫോറുകളും ഉള്‍പ്പെടും. റൊമാരിയോ ഷെഫേര്‍ഡ് എറിഞ്ഞ 16ാം ഓവറില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 30 റണ്‍സാണ് സാള്‍ട്ട് നേടിയത്. 26 പന്തില്‍ പുറത്താവാതെ 48 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയും ഇംഗ്ലണ്ടിന്റെ ജയം അനായാസാമാക്കി. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (22 പന്തില്‍ 25), മൊയിന്‍ അലി (10 പന്തില്‍ 13) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
നേരത്തെ വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ആര്‍ക്കും അര്‍ധ ശതകം കടക്കാനായിരുന്നില്ല. 34 പന്തില്‍ 38 റണ്‍സെടുത്ത ജോണ്‍സണ്‍ ചാര്‍ലസ് ആണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ റോവ്മന്‍ പവല്‍ (17 പന്തില്‍ 36), നിക്കോളാസ് പൂരന്‍ (32 പന്തില്‍ 36) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.