ഇംഗ്ലണ്ടിന്റെ ജയം പെനാൽറ്റിയിൽ
യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെ പെനാൽറ്റിയിൽ തോൽപിച്ചായിരുന്നു ഇംഗ്ലണ്ട് സെമി ടിക്കുറപ്പിച്ചത്. നിശ്ചിത സമയത്ത് മത്സരം 1-1 എന്ന സ്‌കോറിന് സമനിലയിൽ പിരിയുകയായിരുന്നു. പിന്നീട് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു 5-3 എന്ന സ്‌കോറിന് ഇംഗ്ലണ്ട് സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചത്.
സ്വിറ്റ്‌സർലൻഡിനെതിരേ ഈസി വാക്കോവർ ആയിരിക്കില്ലെന്ന് മനസിലാക്കിയ ഇംഗ്ലണ്ട് കരുതലോടെയായിരുന്നു തുടങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ടീമുകളും ഗോൾശ്രമങ്ങളുമായി മൈതാനം നിറഞു കളിച്ചു. എന്നാൽ ചിലപ്പോഴെല്ലാം ഇംഗ്ലണ്ടിനുമേൽ ആധിപത്യം സ്ഥാപിക്കാനും സ്വിറ്റ്‌സർലൻഡിനായി.
ഇരു ടീമുകളും പ്രതിരോധത്തിലും ശ്രദ്ധ പതിപ്പിച്ചതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിക്ക് ശേഷമായിരുന്നു രണ്ട് ഗോളുകൾ വന്നത്. 75ാം മിനുട്ടിൽ ബ്രീൽ എംമ്പോളോയുടെ ഗോളിൽ സ്വിറ്റ്‌സർലൻഡ് മുന്നിലെത്തി. എന്നാൽ ഒരു ഗോൾ വഴങ്ങിയതോടെ തളരാൻ തയ്യാറാകാത്ത ഇംഗ്ലണ്ട് ശക്തമായ നീക്കവുമായി കളംനിറഞ്ഞു കളിച്ചു.
അധികം വൈകാടെ ഇംഗ്ലണ്ട് ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു. 80ാം മിനുട്ടിൽ ബുകയോ സാകയുടെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ സമനില ഗോൾ. രണ്ടാം പകുതിക്ക് ശേഷം പാൽമർ, ലൂക്ക് ഷോ എന്നിവരെ കളത്തിലിറക്കി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയതിനാൽ മത്സരം സമനിലയിലായി. മത്സരം സമനിലയിലാതോടെ മത്സരം ആവേശത്തിലായി. പിന്നീട് അധിക സമയത്തേക്ക് മത്സരം നീണ്ടു. എന്നാൽ അധിക സമയത്തും ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. സ്വിസ് താരം മാനുവൽ അകാഞ്ഞിയുടെ കിക്ക് ഇംഗ്ലണ്ട് ഗോൾകീപ്പർ തടഞ്ഞിടുകയായിരുന്നു.