ശ്രീലങ്കക്കെതിരേയുള്ള ആദ്യ ഏകദിനം സമനിലയിൽ കലാശിച്ചു. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ലങ്ക നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 230 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 47.5 ഓവറിൽ 230 റൺസിന് പുറത്താവുകയായിരുന്നു. തുടർന്നായിരുന്നു മത്സരം സമനിലയിൽ കലാശിച്ചത്. ആദ്യം ബാറ്റു ചെയ്ത ലങ്കയെ ഇന്ത്യൻ ബൗളർമാർ ചെറിയ സ്‌കോറിൽ ഒതുക്കിയെങ്കിലും ഇന്ത്യക്ക് ലങ്കയെ മറികടക്കാൻ കഴിഞ്ഞില്ല.
40ാം ഓവറിൽ 197 റൺസിന് ഏഴു വിക്കറ്റ് എന്ന നിലയിലായിരുന്ന ശ്രീലങ്ക അവസാന ഓവറുകളിൽ തർത്തടിച്ചതോടെയായിരുന്നു സ്‌കോർ 230ൽ എത്തിയത്. 75 പന്തിൽ 56 റൺസ് നേടിയാണ് ഓപണറായി എത്തിയ പാതും നിസങ്ക മടങ്ങിയത്. കൂട്ടിനുണ്ടായിരുന്ന ആവിഷ്‌ക ഫെർണാണ്ടോ ഒരു റൺ മാത്രമാണ് നേടിയത്. ക്യാപ്റ്റൻ ചരിത് അസലങ്ക 21 പന്തിൽ 14 റൺസ് മാത്രമാണ് സ്‌കോർ ബോർഡിലേക്ക് സംഭാവന ചെയ്തത്.
65 പന്തിൽ 67 റൺസുമായി ഔട്ടാകാതെ നിന്ന ദുനിത് വല്ലലാഗെയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. വാനിന്ദു ഹസരങ്ക 35 പന്തിൽ 24 റൺസ് നേടിയ ശ്രീലങ്കൻ സ്‌കോർ ബോർഡിന് മികച്ച സംഭാവന നൽകി. മറുപടിക്കിറങ്ങിയ ഇന്ത്യക്ക് കാര്യങ്ങൾ അനായാസമാകുമെന്ന് തോന്നിയെങ്കിലും പിന്നീട് മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. 47 പന്തിൽ 58 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
കൂട്ടിനുണ്ടായിരുന്ന ശുഭ്മാൻ ഗിൽ 35 പന്തിൽ 16 റൺസും നേടി. വിരാട് കോഹ്ലി 32 പന്തിൽനിന്ന് 24 റൺസുമായി എൽ.ബിയിൽ കുടുങ്ങി മടങ്ങി. കെ.എൽ രാഹുൽ 43 പന്തിൽ 31 റൺസ് നേടിയപ്പോൾ 23 പന്തിൽ 23 റൺസാണ് ശ്രേയസ് അയ്യർ സ്‌കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്തത്. അവസാനം വിജയിക്കാനായി ഇന്ത്യക്ക് ഒരു റണ്ണായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ആ ഒരു റൺ എടുക്കുന്നതിനിടെ ഇന്ത്യയുടെ രണ്ട് വിക്കറ്റും നഷ്ടമാവുകയായിരുന്നു.
തുടർന്നായിരുന്നു മത്സരം സമനിലയിൽ കലാശിച്ചത്. അക്‌സർ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, ശിവം ദുബെ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റും നേടി. നാളെ ഉച്ചക്ക് 2.30നാണ് പരമ്പരയിലെ രണ്ടാം മത്സരം.