സഊദി പ്രോലീഗ് ക്ലബായ അൽ നസ്‌റ് താരം ക്രിസ്റ്റിയാനോ റൊണാൾഡോക്ക് യുവേഫയുടെ ആദരം. ഇന്നലെ നടന്ന യുവേഫ ചാംപ്യൻസ് ലീഗ് നറക്കെടുപ്പിനിടെയായിരുന്നു ക്രിസ്റ്റ്യാനോയെ ആദരിച്ചത്. ചാംപ്യൻസ് ലീഗിലെ എക്കാലത്തേയും മികച്ച ഗോൾ സ്‌കോറർക്കുള്ള പുരസ്‌കാരം നൽകിയായിരുന്നു യുവേഫ ക്രിസ്റ്റ്യാനോയെ ആദരിച്ചത്. തുടർന്ന് പുതിയ സീസണിലേക്കുള്ള ചാംപ്യൻസ് ലീഗ് നറുക്കെടുപ്പിൽ ക്രിസ്റ്റ്യാനോ പങ്കാളിയാവുകയും ചെയ്തു.
കരിയറിൽ അഞ്ചു തവണ ചാംപ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോയാണ് നിലവിൽ ചാംപ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തം പേരിൽ എഴുതിച്ചേർത്തിരിക്കുന്നത്. യൂറോപ്പിലെ പ്രധാന ക്ലബുകളായ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, യുവന്റസ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി 183 ചാംപ്യൻസ് ലീഗ് മത്സരങ്ങളിലാണ് ക്രിസ്റ്റ്യാനോ ബൂട്ടണിഞ്ഞിട്ടുള്ളത്.
ഇത്രയും മത്സരത്തിൽനിന്ന് താരം 140 ഗോളുകളും സ്വന്തം കിരീടത്തിൽ എഴുതിച്ചേർത്തു. മൂന്ന് ചാംപ്യൻസ് ലീഗ് ഫൈനലുകളിൽ ഗോൾ നേടുന്ന താരമെന്ന നേട്ടവും ക്രിസ്റ്റിയാനോ സ്വന്തം പേരിൽ എഴുതിച്ചേർത്തിട്ടുണ്ട്. നിങ്ങൾക്ക് ലഭിച്ച പുരസ്‌കാരം നിങ്ങളുടെ ഷെൽഫിലുണ്ടാകുമോ എന്ന് അവതാരിക ചോദിച്ചപ്പോൾ തീർച്ചയായും ഇത് എന്റെ നാട്ടിലെ മെഡേറിയയിലെ മ്യൂസിയത്തിൽ കാണുമെന്നും ക്രിസ്റ്റിയാനോ വ്യക്തമാക്കി. ചടങ്ങിൽ ഇറ്റാലിയൻ ഗോൾ കീപ്പറായിരുന്ന ജിയാൻ ലൂജി ബഫണിനെയും യുവേഫ ആദരിച്ചു.
ചാംപ്യൻസ് ലീഗ് നറുക്കെടുപ്പ് പൂർത്തിയായി
പുതിയ സീസണിലേക്കുള്ള ചാംപ്യൻസ് ലീഗിന്റെ നറുക്കെടുപ്പ് പൂർത്തിയായി. കഴിഞ്ഞ മൊണോക്കോയിൽ നടന്ന ചടങ്ങിലായിരുന്നു പുതിയ സീസൺ ചാംപ്യൻസ് ലീഗിൽ മത്സരിക്കുന്ന ടീമുകളുടെ കാര്യത്തിൽ തീരുമാനമാക്കിയത്. പതിവിൽനിന്ന് വിപരീതമായി ഇത്തവണ 36 ടീമുകളാണ് ചാംപ്യൻസ് ലീഗിൽ മത്സരിക്കുന്നത്. അതിനാൽ ഇത്തവണ മത്സരത്തിന്റെ രീതിയിലും മാറ്റമുണ്ട്.
ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ ഇല്ല എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. പകരം ഓരോ ടീമും പ്രാഥമിക റൗണ്ടിൽ എട്ട് വ്യത്യസ്ത ടീമുകൾക്കെതിരേ ഓരോ മത്സരം വീതം കളിക്കും. ഇതിൽ നാലെണ്ണം ഹോം മത്സരവും നാലെണ്ണം എവേ മത്സരങ്ങളുമായിരിക്കും. തുടർന്ന് പോയിന്റ് ടേബിളിൽ ആദ്യ എട്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവർ നേരിട്ട് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടും.
ഒൻപത് മുതൽ 24 വരെ സ്ഥാനങ്ങളിൽ വരുന്നവർ പ്ലേ ഓഫ് കളിക്കണം. ഇതിൽ നിന്ന് എട്ട് ടീമുകളും അവസാന പതിനാറിലേക്ക് കടക്കും. നറുക്കെടുപ്പ് പൂർത്തിയായപ്പോൾ റയൽ മാഡ്രിഡിന് ലിവർപൂൾ, എ.സി മിലാൻ, ജിറോണ എന്നിവരേയാണ് പ്രധാന എതിരാളികളായി ലഭിച്ചത്. മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്റർ മിലാൻ, പി.എസ്.ജി, യുവന്റസ് എന്നിവരാണ് പ്രധാന എതിരാളികളായി ലഭിച്ചത്. ബയേൺ മ്യൂണിക്കിന് പി.എസ്.ജിയേയും ബാഴ്‌സലോണയേയും നേരിടേണ്ടി വരും.