ഇന്ത്യക്ക് കനത്ത തിരിച്ചടി
2026ൽ ഗ്ലാസ്‌കോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽനിന്ന് ഇന്ത്യയുടെ പ്രധാന ഇങ്ങളായ ഹോക്കി, ഗുസ്തി, ഷൂട്ടിങ് എന്നിവ ഒഴിവാക്കിയെന്ന് റിപ്പോർട്ട്. ഇന്ത്യ കൂടുതൽ മെഡൽ പ്രതീക്ഷിക്കുന്ന ഇനങ്ങളാണ് ഗെയിംസിൽനിന്ന് വെട്ടിയിരിക്കുന്നത്. അതിനാൽ അധികൃതരുടെ നീക്കം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, സ്‌ക്വാഷ് എന്നിവയും ഗെയിംസിൽനിന്ന് ഒഴിവാക്കാനാണ് തീരുമാനം.
ചെലവ് കുറക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്രയും ഇനങ്ങൾ ഒഴിവാക്കിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇതോടെ ആകെ മത്സര ഇനങ്ങളുടെ എണ്ണം പത്തായി ചുരുങ്ങി. 2022ൽ ബർമിങ്ങാമിൽ ഇരുപത് മത്സരയിനങ്ങളായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ ബർമിങ്ങാം ഗെയിംസിൽ നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ നേടിയ 61 മെഡലുകളിൽ 37 എണ്ണവും ഇപ്പോൾ ഒഴിവാക്കിയ കായിക ഇനങ്ങളിൽ നിന്നായിരുന്നു.
ഗുസ്തിയിൽ 49 സ്വർണം ഉൾപ്പെടെ ഇതുവരെ 114 ഉം ബാഡ്മിന്റണിൽ 10 സ്വർണം ഉൾപ്പെടെ 31 ഉം ഷൂട്ടിങ്ങിൽ 63 സ്വർണം അടക്കം 135 ഉം ബാഡ്മിന്റണിൽ 31 ഉം ഹോക്കിയിൽ ആറും സ്‌ക്വാഷിൽ അഞ്ചും ക്രിക്കറ്റിൽ ഒരു വെള്ളി മെഡലുമാണ് ഇതുവരെയായി ഇന്ത്യ നേടിയത്.2026 ജൂലായ് 23 മുതൽ ഓഗസ്റ്റ് രണ്ട് വരെ സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക. ഗെയിംസ് നടത്താനുള്ള സാമ്പത്തിക ചെലവിനെ തുടർന്ന് ആസ്‌ത്രേലിയയിലെ വിക്ടോറിയ പിന്മാറിയതിനെ തുടർന്ന് ഗെയിംസിന്റെ നടത്തിപ്പ് തന്നെ അവതാളിത്തിലായിരുന്നു.
ഇന്ത്യ അടക്കം പല രാജ്യങ്ങളും ഗെയിംസ് ഏറ്റെടുക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ചെലവ് കാരണം എല്ലാവരും പിൻവാങ്ങുകയായിരുന്നു. ഈ സാഹചാര്യത്തിലാണ് അവസാന നിമിഷം സ്‌കോട്ട്‌ലൻഡ് രംഗത്തുവന്നത്. 2014ന് ശേഷം ഇത് രണ്ടാംവട്ടമാണ് ഗ്ലാസ്‌ഗോയിൽ ഗെയിംസിന് ആതിഥേത്വം വഹിക്കുന്നത്. എന്നാൽ ഇന്ത്യക്ക് കൂടുതൽ മെഡൽ ലഭിക്കുന്ന ഇനങ്ങൾ ഒഴിവാക്കിയതിനാൽ ഇക്കാര്യത്തിൽ അധികൃതരെ പ്രതിഷേധം അറിയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.