അഹമ്മദാബാദിൽ നടന്ന ന്യൂസിലൻഡിനെതിരേയുള്ള ഏകദിന പരമ്പര സ്വന്തതകൾ. പരമ്പരയിൽ അവസാനമായി നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ ആറു വിക്കറ്റിന് തോൽപിച്ചാണ് ഇന്ത്യ പരമ്പര 2-1ന് നേടിയത്. സ്മൃതി മന്ഥനയുടെ മിന്നുന്ന സെഞ്ചുറിയുടെ കരുത്തിലായിരുന്നു ഇന്ത്യ മികച്ച ജയം നേടിയത്. ടോസ് നേടിയ ന്യൂസിലൻഡ് ആദ്യം ബാറ്റു ചെയ്യുകയായിരുന്നു.
ആദ്യം ബാറ്റു ചെയ്ത കിവികൾ 49.5 ഓവറിൽ 232 റൺസിന് പുറത്തായി. കൃത്യമായ ബൗളിങ്ങിലൂടെ കിവീസ് ബാറ്റർമാരെ പിടിച്ചു കെട്ടാൻ ഇന്ത്യക്കായി. 96 പന്തിൽ 86 റൺസെടുത്ത ബ്രൂക്ക് ഹല്ലിഡെയാണ് ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ. ഒടുവിൽ ദീപ്തി ശർമയുടെ പന്തിൽ രാധ യാദവ് ക്യാച്ച് ചെയ്തായിരുന്നു ബ്രൂക്ക് പുറത്തായത്. മത്സരത്തിന്റെ കൃത്യമായ ഇടവേളകളിൽ ന്യൂസിലൻഡിന്റെ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യക്ക് കഴിഞ്ഞു.
24 റൺസിലെത്തിയപ്പോഴായിരുന്നു ന്യൂസിലിൻഡിന്റെ ആദ്യ വിക്കറ്റ് വീണത്. സൂസി ബാറ്റസ് (4), ജോർജി പ്ലിമ്മർ (39), ലോറൻ ഡോൺ (1), സോഫി ഡിവൈൻ (9), മാഡി ഗ്രീൻ (15), ഇസി ഗസെ (25), ഹന്ന റോവെ (11) എന്നിങ്ങനെയാണ് ന്യൂസിലൻഡ് ബാറ്റർമാരുടെ സ്‌കോറുകൾ. ഇന്ത്യക്കായി ദീപ്തി ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രിയ മിശ്ര രണ്ടും രേണുക സിങ്, സൈമ താക്കൂർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യയുടെ ആദ്യ വിക്കറ്റ് 16 റൺസ് നേടിയപ്പോൾ നഷ്ടമായെങ്കിലും പിന്നീട് ഇന്ത്യ പിടിച്ചു നിൽക്കുകയായിരുന്നു. 11 പന്തിൽ 12 റൺസുമായി ഷഫാലി വർമയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 49 പിന്നീട് സ്‌കോർ 92 നിൽക്കെ 35 റൺസുമായി യാസ്തിക ഭാട്ടിയായിരുന്നു പുറത്തായത്. 122 പന്തിൽ നിന്ന് 10 ഫോറുകൾ ഉൾപ്പെടെ 100 റൺസായിരുന്നു മന്ഥന നേടിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 63 പന്തിൽ 59 റൺസുമായി ഔട്ടാകാതെ നിന്നു. 18 പന്തിൽ നിന്ന് 22 റൺസാണ് ജമീമ റോഡ്രിഗസ് നേടിയത്.