സ്വന്തം തട്ടകത്തില്‍ ജയിച്ചു തുടങ്ങാനിറങ്ങിയ കാലിക്കറ്റ് എഫ്.സിക്ക് സൂപ്പര്‍ ലീഗ് കേരളയിലെ ആദ്യ മത്സരത്തില്‍ സമനില. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെതിരേ 1-1ന് സമനിലയില്‍ അവസാനിപ്പിക്കാനായിരുന്നു കാലിക്കറ്റിന്റെ വിധി. കേരള സന്തോഷ് ട്രോഫി താരമായിരുന്ന ജിജോ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു കാലിക്കറ്റ് എഫ്.സി കളത്തിലിറങ്ങിയത്.
ഗനി അഹ്മദന് നിഗം, പെപെ, അബ്ദുല്‍ ഹക്കു, റിച്ചാര്‍ഡ് എന്നിവരും കാലിക്കറ്റ് എഫ്.സിക്കായി ആദ്യ ഇലവനില്‍ കളത്തിലിറങ്ങി. പാട്രിക് സില്‍വയായിരുന്നു തിരുവനന്തപുരം കൊമ്പന്‍സിനെ നയിച്ചത്. ബ്രസീല്‍ താരങ്ങളായ റെനന്‍ റോക്ക, മൈക്കന്‍ സാന്റോസ്, എവാഞ്ചലിസ്റ്റ എന്നിവര്‍ കൊമ്പന്‍സിനായി ആദ്യ ഇലവനില്‍ കളത്തിലിറങ്ങി. ഇരു ടീമുകളും ആദ്യ ജയം തേടിയിറങ്ങിയതിനാല്‍ ശ്രദ്ധയോടെയായിരുന്നു രണ്ട് ടീമുകളും കരുക്കള്‍നീക്കിയത്.
ആദ്യ പത്തു മിനുട്ടിനുള്ളനില്‍ തന്നെ കാലിക്കറ്റ് എഫ്.സിക്ക് ഗോളിലേക്കുള്ള അവസരങ്ങള്‍ ലഭിച്ചെങ്കിലും അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ 21ാം മിനുട്ടില്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. മുഹമ്മദ് അഷറിലൂടെ തിരുവനന്തപുരമായിരുന്നു ആദ്യ ഗോള്‍ നേടിയത്. ഒരു ഗോള്‍ നേടിയതോടെ മത്സരത്തില്‍ തിരുവനന്തപുരം മേധാവിത്തം പുലര്‍ത്തി. എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഗോള്‍ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമം കാലിക്കറ്റ് എഫ്.സിയും പുറത്തെടുത്തതോടെ മത്സരം കടുത്തതായി.
ശക്തമായി പൊരുതിയ കാലിക്കറ്റ് ഒടുവില്‍ സമനില ഗോള്‍ കണ്ടെത്തി. 33ാം മിനുട്ടില്‍ കാലിക്കറ്റ് എഫ്.സിയുടെ ഘാന താരം റിച്ചാര്‍ഡായിരുന്നു ആതിഥേയരുടെ സമനില ഗോള്‍ നേടിയത്. പെനാല്‍റ്റി ബോക്‌സിന് തൊട്ടു മുന്നില്‍നിന്ന് തൊടുത്ത ഫ്രീ കിക്കില്‍നിന്നായിരുന്നു കാലിക്കറ്റിന്റെ സമനില ഗോള്‍ പിറന്നത്. മത്സരം സമനിലയിലായതോടെ വിജയ ഗോളിനായി ഇരു ടീമുകളും പൊരുതിക്കൊണ്ടിരുന്നു. പക്ഷെ പിന്നീട് ഗോളൊന്നും പിറക്കാതിരുന്നതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.