ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് വീണ്ടും തിരിച്ചടി. വെനസ്വേലക്കെതിരേ കാനറികൾ സമനില വഴങ്ങേണ്ടി വന്നു. 1-1 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. മത്സരത്തിൽ ആദ്യം ബ്രസീലായിരുന്നു ഗോൾ നേടിയതെങ്കിലും അവർക്ക് ലീഡ് നിലനിർത്താൻ കഴിഞ്ഞില്ല. 43ാം മിനുട്ടിൽ റഫീഞ്ഞയായിരുന്നു ബ്രസീലിനായി ഗോൾ നേടിയത്. ഇതോടെ ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി മഞ്ഞപ്പട മത്സരം അവസാനിപ്പിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു വെനസ്വേലയുടെ സമനില ഗോൾ വന്നത്. 46ാം മിനുട്ടിൽ ടെലസ്‌കോ സെഗോവിയയായിരുന്നു സമനില ഗോൾ നേടിയത്. മത്സരത്തിൽ 67 ശതമാനം പന്ത് കൈവശംവെച്ച് കളിച്ചത് ബ്രസീലായിരുന്നെങ്കിലും അവർക്ക് ജയം നേടാൻ കഴിഞ്ഞില്ല. 13 ഷോട്ടുകളായിരുന്നു ബ്രസീൽ എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ മൂന്ന് എണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു.
89ാം മിനുട്ടിൽ വെനസ്വേലൻ താരം അലക്‌സാണ്ടർ ഗോൺസാലസ് ചുവപ്പ് കാർഡ് പുറത്തായി. 4-2-3-1 എന്ന ഫോർമേഷനിൽ ഇഗോർ ജീസസിനെ മുന്നിൽ നിർത്തിയായിരുന്നു ബ്രസീൽ ആദ്യ ഇലവൻ കളത്തിലിറങ്ങിയത്. മുന്നേറ്റത്തിൽ വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, സാവിയോ എന്നിവരും ഇറങ്ങി. ഗബ്രിയേൽ, മാർക്കീഞ്ഞോസ്, വെൻഡേഴ്‌സൻ, വിനിസിയസ് എന്നിവരായിരുന്നു പ്രതിരോധത്തിൽ ഇറങ്ങിയത്.
ഗോൾ വലക്ക് താഴെ എഡേഴ്‌സനും എത്തി. 11 മത്സരത്തിൽനിന്ന് 17 പോയിന്റാണ് ഇപ്പോൾ ബ്രസീലിന്റെ സമ്പാദ്യം. 20ന് ഉറുഗ്വെക്കെതിരേയാണ് ബ്രസീലിന്റെ അടുത്ത മത്സരം. അത് ബ്രസീലിന് കടുത്ത മത്സരമാകും. നിലവിൽ 10 മത്സരത്തിൽനിന്ന് 16 പോയിന്റുള്ള ഉറുഗ്വെ പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്.