കോപ്പ അമേരിക്ക ഫൈനൽ നിയന്ത്രിക്കുന്ന റഫറിമാർ
കോപ്പ അമേരിക്ക ഫുട്‌ബോള്‍ കലാശപ്പോരിനുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.30 മുതലണ് നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയും കൊളംബിയയും തമ്മില്‍ കിരീടപ്പോരിനിറങ്ങുന്നത്.
ഫൈനല്‍ മത്സരം നിയന്ത്രിക്കാനുള്ള റഫറിമാരുടെ ലിസ്റ്റ് ഇതിനകം കോണ്‍മെബോള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, മെസിപ്പടയ്ക്ക് ആശങ്ക പടര്‍ത്തിയാണ് ഈ ലിസ്റ്റ് പുറത്തു വന്നിട്ടുള്ളത്. കാരണം, ഫൈനല്‍ നിയന്ത്രിക്കുന്നത് ബ്രസീലുകാരന്‍ റാഫേല്‍ ക്ലൗസ് ആണ്. ബ്രസീലുകാരന്‍ എന്നതിനു പുറമെ മുമ്പ് മെസിയുമായി കൊമ്പുകോര്‍ത്ത റഫറിയെന്ന പേരും റാഫേല്‍ ക്ലൗസിനുണ്ട്. അതിനാല്‍ ക്ലൗസ് ഫൈനല്‍ നിയന്ത്രിക്കുന്നതിനെതിരേ ഇതിനകം തന്നെ വിമര്‍ശനങ്ങളുയര്‍ന്നു കഴിഞ്ഞു.
ക്ലൗസിനു പുറമെ കൂടെയുള്ള രണ്ട് അസിസ്റ്റന്റ് റഫറിമാരും, രണ്ട് വാര്‍ റഫറിമാരും ബ്രസീലുകാരാണ്. ബ്രൂണോ പിയേഴ്‌സ്, റോഡ്രിഗോ കൊറീയ എന്നിവരാണ് അസിസ്റ്റന്റ് റഫറിമാര്‍. റോഡോള്‍ഫോ ടോസ്‌കി, ഡാനിലോ മാനിസ് എന്നിവരാണ് വാര്‍ റഫറിമാര്‍.
2020ല്‍ പരാഗ്വയുമായുള്ള അര്‍ജന്റീനയുടെ മത്സരത്തിലാണ് മെസി-ക്ലൗസ് തര്‍ക്കം അരങ്ങേറിയത്. മത്സരത്തില്‍ മെസിയുട ഗോള്‍ വാര്‍ റിവ്യൂവിലൂടെ നിഷേധിച്ചതും മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചതും അര്‍ജന്റീനിയന്‍ ആരാധകര്‍ മറക്കാനിടയില്ല. മത്സരത്തില്‍ പലപ്പോഴും അര്‍ജന്റീനക്കെതിരേ തീരുമാനങ്ങളെടുത്ത ക്ലൗസിനോട് ലയണല്‍ മെസി പ്രകോപിതനാകുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.
ഈ സംഭവത്തിനു പുറമെ കാലങ്ങളായി നിലനില്‍ക്കുന്ന ബ്രസീല്‍ – അര്‍ജന്റീന ഫുട്‌ബോള്‍ വൈര്യത്തിനുമിടെ ക്ലൗസിനെ കലാശപ്പോരിന് റഫറിയായി നിമിക്കുന്നത്. അതും ലയണല്‍ മെസി പരസ്യമായി വിമര്‍ശിച്ച ഒരാള്‍ എന്നതും ശ്രദ്ധേയമാണ്. നേരത്തെ, ഗ്രൂപ്പ് റൗണ്ട് മത്സരത്തില്‍ കൊളംബിയക്കെതിരേ ബ്രസീലിന്റെ പെനാല്‍റ്റി നിഷേധിച്ചതിന് അര്‍ജന്റീനിയന്‍ വാര്‍ റഫറിക്കെതിരേ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ബ്രസീലുകാരന്‍ റഫറി അര്‍ജന്റീനയുടെ ഫൈനല്‍ നിയന്ത്രിക്കാനെത്തുന്നതെന്നതും ആരാധകരുടെ നെഞ്ചിടിപ്പേറ്റും.