ബ്രസീലിന് സമനില
കോപ അമേരിക്കക്ക് മുന്‍പുള്ള അവസാന സൗഹൃദ മത്സരത്തില്‍ ബ്രസീലിന് സമനില. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ യു.എസ്.എയാണ് ബ്രസീലിനെ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ചാണ് പിരിഞ്ഞത്.
ബ്രസീലിനായി 17ാം മിനുട്ടില്‍ റോഡ്രിഗോയുടെ ഗോളിലൂടെ ബ്രസീലാണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്. എന്നാല്‍ 10 മിനുട്ടിനകം യു.എസ്.എ തിരിച്ചടിച്ചു. 26ാം മിനുട്ടില്‍ ക്രിസ്റ്റിയന്‍ പുലിസിച്ചായിരുന്നു യു.എസ്.എയുടെ സമനില ഗോള്‍ നേടിയത്.
കഴിഞ്ഞ മത്സരത്തില്‍ മെക്‌സിക്കോയെ പരാജയപ്പെടുത്തിയ ബ്രസീലിന് ജയത്തോടെ കോപ അമേരിക്കക്ക് ഒരുങ്ങാമെന്ന മോഹം നടന്നില്ല. എന്നാല്‍ കൊളംബിയക്കെതിരേ 5-1ന്റെ വന്‍ പരാജയം ഏറ്റുവാങ്ങിയെത്തിയ യു.എസ്.എ വന്‍ തിരിച്ചുവരവാണ് നടത്തിയത്.
മുന്‍ നിര താരങ്ങളെ തന്നെയാണ് ബ്രസീല്‍ പരിശീലകന്‍ ഡൊറിവല്‍ ജൂനിയര്‍ ആദ്യ ഇലവനിലിറക്കിയത്. ആക്രമണത്തിലും പന്തടക്കത്തിലും ബ്രസീല്‍ ഒരുപടി മുന്നില്‍ നിന്നെങ്കിലും ജയം കൈവിടുകയായിരുന്നു.
ഗോള്‍ കീപ്പറായി അലിസണ്‍ ബക്കര്‍ തുടര്‍ന്നപ്പോള്‍ മാര്‍ക്വിഞ്ഞോസ്, ലുകാസ് ബെറാള്‍ഡോ, ഡാനിലോ, വെന്‍ഡെല്‍ എന്നിവര്‍ പ്രതിരോധത്തിലും അണിനിരന്നു. വിനീഷ്യസ് ജൂനിയര്‍ക്കൊപ്പം റോഡ്രിഗോ, ലുകാസ് പക്വറ്റ, റഫീഞ്ഞ എന്നിവരാണ് മുന്‍നിരയിലെത്തിയത്. ജോവോ ഗോമസ്, ബ്രൂണോ ഗ്യുമറെസ് എന്നിവര്‍ മധ്യനിരയില്‍ കളിമെനഞ്ഞു.
ഈ മാസം 25ന് കോസ്റ്ററിക്കക്ക് എതിരേയാണ് ബ്രസീലിന്റെ കോപയിലെ ആദ്യ മത്സരം. 24ന് ബൊളീവിയയാണ് കോപ അമേരിക്കയില്‍ യു.എസ്.എയുടെ ആദ്യ എതിരാളി.