ലാറ്റിനമേരിക്കൽ മേഖല ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് തോൽവി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പരാഗ്വയായിരുന്നു ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചത്. യോഗ്യതാ മത്സരത്തിൽ ജയം അനുവാര്യമായതിനാൽ ശ്രദ്ധയോടെയായിരുന്നു ബ്രസീൽ കളിച്ചു തുടങ്ങിയത്. എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽതന്നെ ബ്രസീലിന്റെ വലയിൽ പരാഗ്വയുടെ ഗോൾ വീണു.
20ാം മിനുട്ടിൽ ഡിയഗോ ഗോമസായിരുന്നു പരാഗ്വക്ക് വേണ്ടി ഗോൾ നേടിയത്. ഒരു ഗോൾ വഴങ്ങിയതോടെ ഗോൾ മടക്കാനായി ബ്രസീൽ ശക്തമായി നീക്കങ്ങൾ നടത്തി. എന്നാൽ ഗോളൊന്നും മടക്കാൻ സാധിക്കാത്ത ബ്രസീൽ ഒടുവിൽ തോൽവി സമ്മതിക്കുകയായിരുന്നു. 71 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് ബ്രസീലായിരുന്നെങ്കുലും ജയിക്കാൻ കാനറിപ്പടക്ക് കഴിഞ്ഞില്ല.
ഒൻപത് ഷോട്ടുകളായിരുന്നു ബ്രസീൽ പരാഗ്വയുടെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ മൂന്നെണ്ണം മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്. പരാഗ്വ ഏഴു ഷോട്ടും തൊടുത്തു. അതിൽ രണ്ടെണ്ണം മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്. റോഡ്രിഗോ, എൻട്രിക്, വിനീഷ്യസ് ജൂനിയർ എന്നിവരായിരുന്നു ആദ്യ ഇലവനിൽ മുന്നേറ്റനിരയിൽ ബ്രസീലിനായി കളത്തിലിറങ്ങിയത്. എട്ട് മത്സരം പൂർത്തിയായപ്പോൾ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്രസീൽ.
അതിനാൽ ലോകകപ്പ് യോഗ്യാത ഉറപ്പിക്കണമെങ്കിൽ ബ്രസീലിന് ഇനി മുന്നിലുള്ള മത്സരങ്ങൾ നിർണായകമാണ്. ഒക്ടോബർ 11ന് ചിലിക്കെതിരേയാണ് ബ്രസീലിന്റെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരം.