അമേരിക്കയിൽ നടത്തിയ ടി20 ലോകകപ്പ് പാടെ പരാജയമായിരുന്നുവെന്ന് നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു. അമേരിക്കയിൽ ക്രിക്കറ്റിന് കൂടുതൽ പ്രചാരം കൊണ്ടുവരുകെ എന്ന ലക്ഷ്യത്തോടെയായിരുന്നു ടി20 ക്രിക്കറ്റ് ലോകകപ്പ് അമേരിക്കയിൽ നടത്താൻ തീരുമാനിച്ചത്. ജനപങ്കാളിത്തം കൊണ്ടും പിച്ചിന്റെ കാര്യത്തിൽ അമ്പേ പരാജയമായ ലോകകപ്പിലെ നഷ്ടം കേട്ട് കണ്ണുതള്ളിയിരിക്കുകയാണിപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ.
ഫ്രീ പ്രസ് ജേണൽ അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ ലോകകപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് 167 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നാളെ കൊളംബോയിൽ ആരംഭിക്കുന്ന ഐ.സി.സിയുടെ വാർഷിക സമ്മേളനത്തിൽ ഇത് ചർച്ചയാകും. ജെയ്ഷയുടെ ഐ.സി.സിയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ കാര്യത്തിലും നാളെ തീരുമാനമുണ്ടാകും.
ടൂർണമെന്റിൽ ഇന്ത്യ-പാക്സ്ഥാൻ, ഫൈനൽ മത്സരം എന്നിവക്ക് മാത്രമേ പ്രതീക്ഷിച്ചത്ര ആളുകൾ എത്തിയുള്ളു. സ്വന്തം രാജ്യത്ത് നടത്തിയ വെസ്റ്റ് ഇൻഡീസിന്റെ മത്സരത്തിന് പോലും കുറഞ്ഞ ആളുകൾ മാത്രമേ മത്സരം വീക്ഷിക്കാനെത്തിയുള്ളു. പിച്ചുകളുടെ മോശം സ്വഭാവം ടൂർണമെന്റിനിടെ ചർച്ചയായിരുന്നു. ടൂർണമെന്റിൽ രണ്ട് മൂന്ന് മത്സരങ്ങളിൽ മാത്രമേ 200 മുകളിൽ സ്‌കോർ പിറന്നുള്ളു. അപ്രതീക്ഷിത ബൗൺസും മറ്റുമായി ബാറ്റിങ് ദുഷ്‌കരമായ പിച്ചുകളായിരുന്നു പലതും.
ടി20 ലോകകപ്പ് പോലൊരു ടൂർണമെന്റിൽ ബാറ്റർമാരുടെ ക്ഷമ പരീക്ഷിക്കുന്ന പിച്ചുകൾ ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പിച്ചുകളുടെ മോശം അവസ്ഥയെ കുറിച്ച് ഐ.സി.സി പിന്നീട് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.
ലോകകപ്പ് സംഘാടനത്തിലെ പിഴവുകൾക്ക് പിന്നാലെ ഐ.സി.സിയിൽ കൂട്ടരാജിയുമുണ്ടായി. ടൂർണമെന്റ് നടത്തിപ്പിന്റെ ചുമതലയുണ്ടയിരുന്ന ക്രിസ് ഡെട്‌ലി, മാർക്കറ്റിങ് ജനറൽ മാനേജർ ക്ലെയർ ഫർലോങ് എന്നിവരാണ് രാജിവെച്ചത്.യു.എസി.ലെ മത്സരങ്ങളുടെ പേരിൽ ബജറ്റിൽ അനുവദിച്ചതിലും കൂടുതൽ തുക ഇവർ ചെലവഴിച്ചത് അംഗ രാജ്യങ്ങൾ ചോദ്യം ചെയ്തിരുന്നു.