അർജന്റീനയുടെ കോപാ അമേരിക്ക കിരീടം വിജയം ആഘോഷിക്കാൻ സ്തൂപത്തിൽ കയറിയ ആരാധകൻ വീണു മരിച്ചു. ബ്യൂണസ് അയേഴ്‌സിലുള്ള പുല്ലുകൊണ്ട് പൊതിഞ്ഞ എ എന്നെഴുതിയ ശിൽപത്തിൽ കയറിയ ആരാധകനാണ് താഴെ വീണ് മരിച്ചതെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു.
ബ്യൂണസ് അയേഴ്‌സ് മിനിസ്ട്രി ഓഫ് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചതെന്നും ഡെയിലി മെയിലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊളംബിയയെ പരാജയപ്പെടുത്തി അർജന്റീന കോപാ അമേരിക്ക കിരീടം നേടിയതിന് ശേഷമായിരുന്നു സംഭവം.
വിജയം ആഘോഷിക്കാൻ തലസ്ഥാന നഗരമായ ബ്യൂണസ് അയേഴ്‌സിലെ പ്രശസ്തമായ പ്ലാസ ഡെ ല റിപ്പബ്ലിക്ക സ്തൂപത്തിന് സമീപമായിരുന്നു അപകടം. തലസ്ഥാനത്ത് ആരാധകർ തടിച്ചു കൂടിയപ്പോഴായിരുന്നു സംഭവം. 30 കാരനായ അലൻ ഫ്രട്ടെയാണ് 21.3 അടി ഉയരമുള്ള സ്തൂപത്തിൽനിന്ന് താഴെവീണ് മരിച്ചത്.
താഴെ ഇറങ്ങാൻ പോലിസ് പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. പിന്നീട് താഴെയിറക്കാൻ ഫയർ ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. എന്നാൽ ഫയർ ഫോഴ്‌സ് എത്തിയപ്പോഴേക്കും അദ്ദേഹം താഴെ വീഴുകയായിരുന്നു.
സംഭവ സ്ഥലത്തു തന്നെ ഫ്രട്ടെ മരിച്ചെന്നും ഡെയിലി മെയിലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 21.3 അടി ഉയരുമുള്ള ശിൽപത്തിലായിരുന്നു യുവാവ് കയറിയ അർജന്റീനയുടെ പതാകയുമായി വിജയം ആഘോഷിച്ചത്. കോപ്പ അമേരിക്ക ഫൈനൽ വിജയാഘോഷക്കുന്നതിനായി തിങ്കളാഴ്ച പുലർച്ചെ ആയിരക്കണക്കിന് പേരാണ് അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിൽ തടിച്ചുകൂടിയത്. മത്സരം കഴിഞ്ഞും നേരം പുലരുവോളം തലസ്ഥാന നഗരി ആഘോഷത്തിമർപ്പിലായിരുന്നു.