ഒളിംപിക്‌സ് ഫുട്‌ബോളിന്റെ രണ്ടാം മത്സരത്തിൽ ഇറാഖിനെതിരേ അർജന്റീനക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഇറാഖിനെതിരേ 3-1 എന്ന സ്‌കോറിനായിരുന്നു അർജന്റീനയുടെ ജയം. ആദ്യ മത്സരത്തിൽ മൊറോക്കോക്കെതിരേ തോറ്റതിനാൽ ഇന്ന് ജയം മാത്രം ലക്ഷ്യമിട്ടായിരുന്നു മഷരാനോയുടെ കുട്ടികൾ ഒട്ടാമെൻഡിയുടെ നേതൃത്വത്തിൽ കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ ഉക്രൈനെ തോൽപിച്ച് എത്തിയ ഇറാഖിന് മുന്നിൽ മികച്ച നീക്കങ്ങളുമായി അർജന്റീന കളംനിറഞ്ഞു കളിച്ചു.
മത്സരം പുരോഗമിക്കവെ 15ാം മിനുട്ടിലായിരുന്നു അർജന്റീനയുടെ ആദ്യ ഗോൾ ഇറാഖിന്റെ വലയിലായത്. മുന്നേറ്റതാരം ജൂലിയൻ അൽവാരസിന്റെ പാസിൽനിന്ന് തിയാഗോ അൽമാഡയായിരുന്നു അർജന്റീനക്കായി ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ ഇറാഖിന് മേൽ ആധിപത്യം പുലർത്തിയ അർജന്റീന പിന്നീട് ഇറാഖിന്റെ പോസ്റ്റ്‌ലക്ഷ്യമാക്കി കൂടുതൽ നീക്കങ്ങൾ നടത്തി.
എന്നാൽ ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയാവുകയായിരുന്നു. ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ഇറാഖ് നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഇതിന്റെ ഫലം അവർക്ക് ലഭിക്കുകയും ചെയ്തു. ആദ്യ പകുതിയുടെ അധിക സമയത്ത് സമനില ഗോൾ നേടി ഇറാഖ് മത്സരത്തിലേക്ക് തിരിച്ചുവന്നു. അഹ്മദ് ഹസന്റെ അസിസ്റ്റിൽനിന്ന് അയ്മൻ ഹുസൈനായിരുന്നു ഇറാഖിന്റെ സമനില ഗോൾ നേടിയത്.
ഇതോടെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ വിജയത്തിനായി പൊരുതിക്കളിച്ച അർജന്റീന രണ്ടാം ഗോളും നേടി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 62ാം മിനുട്ടിൽ സെനോൻ കെവിന്റെ അസിസ്റ്റിൽനിന്ന് ഗോണ്ടോയായിരുന്നു അർജന്റീനയുടെ രണ്ടാം ഗോൾ നേടിയത്. ലീഡ് നേടിയതോടെ വീണ്ടും അർജന്റീന മികച്ച നീക്കങ്ങളുമായി ഇറാഖിന്റെ ഗോൾ മുഖത്ത് ഭീതി വിതച്ചു കൊണ്ടിരുന്നു.
മത്സരം അവസാനിക്കാനിരിക്കെ 84ാം മിനുട്ടിൽ അർജന്റീന മൂന്നാം ഗോളും നേടി ജയം ഉറപ്പിക്കുകയായിരുന്നു. 84ാം മിനുട്ടിൽ ഫെർണാണ്ടസ് എസ്‌ക്വേലായിരുന്നു അർജന്റീനക്കായി ഗോൾ നേടി വിജയം ഉറപ്പിച്ചത്. ജയിച്ചതോടെ അർജന്റീന പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. ചൊവ്വാഴ്ച ഉക്രൈനെതിരേയാണ് അർജന്റീനയുടെ അടുത്ത മത്സരം.