കോപാ അമേരിക്ക
കോപാ അമേരിക്ക കിരീടം തേടിയുള്ള അർജന്റീനയുടെ ജൈത്രയാത്രയിലെ രണ്ടാം മത്സരത്തിനായി നാളെ രാവിലെ മെസ്സിയും സംഘവും കളത്തിലിറങ്ങുകയാണ്. ആദ്യ മത്സരത്തിൽ കാനഡക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ച അർജന്റീന ഇന്ന് ചിലിക്കെതിരേയും ജയിച്ചു കയറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ ചിലിക്കെതിരേ അത്ര നല്ല ഓർമകളല്ല അർജന്റീനക്കുള്ളത്. രണ്ട് കോപാ അമേരിക്കയുടെ ഫൈനലിൽ അർജന്റീനയെ വീഴ്ത്തിയ ചരിത്രം ചിലിക്കുണ്ട്. അതുകൊണ്ട് ശ്രദ്ധയോടെയായിരിക്കും ലയണൽ സ്‌കലോനിയുടെ പട്ടാളം കളത്തിലിറങ്ങുക. ആദ്യ മത്സരത്തിൽ കാനഡക്കെതിരേ കളിച്ച മൈതാനം നിലവാരമില്ലെന്ന് പരിശീലകൻ സ്‌കലോനിയും ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസും കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ ഇന്നത്തെ മത്സരം നടക്കുന്ന ഈസ്റ്റ് റൂഥർഫോർഡിലെ ഗ്രൗണ്ടിന്റെ അവസ്ഥ കണ്ടറിയണമെന്നാണ് സ്‌കലോനി വ്യക്തമാക്കിയത്. ആദ്യ മത്സരത്തിൽ പെറുവിനെതിരേ ഗോൾ രഹിത സമനിലയുമായി വരുന്ന ചിലിക്ക് ഇന്ന് ജയം അനുവാര്യമാണ്. ചിലിയുടെ മുന്നേറ്റങ്ങളെ തടുക്കാനം ഗോൾ നേടാനും 4-3-3 പൊസിഷനിൽ ടീമിനെ ഇറക്കാനാകും അർജന്റീനയുടെ തീരുമാനം.
ചിലി നിരയിലെ രണ്ട് പേർക്ക് പരുക്കുള്ളത് അർജന്റീനക്ക് ആശ്വാസമാകും. പെറുവിനെതിരേയുള്ള മത്സരത്തിൽ പരുക്കേറ്റ ഡിയഗോ വാൽഡെസ്, പ്രതിരോധ താരം ഇഗോർ ലിച്ച്‌നോവ്‌സികിക്കും പരുക്കേറ്റിരുന്നു.
എന്നാൽ ചിലിയുടെ ആദ്യ ഇലവനിൽ കളിക്കുന്ന രണ്ട് താരങ്ങളും ഇന്ന് ടീമിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ആദ്യ ഇലവനിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും പകരക്കാരുടെ രോളിൽ ഇരുവരും ടീമിലെത്തിയേക്കും. 35 കാരനായ അലക്‌സിസ് സാഞ്ചസാണ് ചിലിയുടെ മറ്റൊരു പ്രതീക്ഷ. എന്നാൽ മുന്നേറ്റത്തിൽ എഡ്വാർഡോ വർഗാസിനെപ്പോലുള്ള യുവതാരങ്ങളെ ചിലി ഇന്ന് പരീക്ഷിച്ചേക്കും.