ലാറ്റിനമേരിക്കൻ മേഖല ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കൊളംബിയക്ക് മുന്നിൽ വീണ് അർജന്റീന. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ 2-1 എന്ന സ്‌കോറിനായിരുന്നു അർജന്റീനയുടെ തോൽവി. കോപാ അമേരിക്ക ഫൈനലിൽ കൊളംബിയയെ വീഴ്ത്തിയ ആത്മിവശ്വാസത്തിൽ കളത്തിലിറങ്ങിയ അർജന്റീനക്ക് ജയിച്ചു കയറാനായില്ല. 53 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ചത് അർജന്റീനയായിരുന്നു.
എന്നാൽ ലോക ചാംപ്യൻമാർക്ക് മത്സരത്തിൽ വിജയം കൈവരിക്കാൻ കഴിഞ്ഞില്ല. മത്സരം പുരോഗമിക്കവെ 25ാം മിനുട്ടിൽ യെർസൺ മൊസ്‌ക്വേരയായിരുന്നു കൊളംബിയക്കായി ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കൊളംബിയ പിന്നീട് തുടരെ അർജന്റീനയുടെ ഗോൾമുഖം അക്രമിച്ചുകൊണ്ടിരുന്നു.
എന്നാൽ എന്നാൽ പിന്നീട് ഗോളൊന്നും പിറക്കാതിരുന്നതോടെ ആദ്യ പകുതിയിൽ കൊളംബിയ ഒരു ഗോളിന്റെ ലീഡുമായി മടങ്ങി. രണ്ടാം പകുതി തുടങ്ങി ഉടൻ തന്നെ അർജന്റീന ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു. 48ാം മിനുട്ടിൽ നിക്കോളാസ് ഗോൾസാലസായിരുന്നു അർജന്റീനയുടെ സമനലി ഗോൾ നേടിയത്. മത്സരം സമനിലയിലായതോടെ ഇരുടീമുകളും പൊരുതിക്കളിച്ചുകൊണ്ടിരുന്നു.
ഒടുവിൽ കൊളംബിയക്ക് അനുകൂലമായ പെനാൽറ്റി ലഭിച്ചു. കൊളംബിയൻ താരത്തെ ബോക്‌സിൽ വീഴ്ത്തിയതിനായിരുന്നു റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത ജെയിംസ് റോഡ്രിഗ്രസിന് പിഴച്ചില്ല. സ്‌കോർ 2-1. പിന്നീട് സമനില ഗോളിനായി അർജന്റീന പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. റഫറി ഫൈനൽ വിസിൽ മുഴക്കിയപ്പോൾ കൊളംബിയ വിജയശ്രീലാളിതരായി.
ഇതോടെ കോപാ അമേരിക്ക ഫൈനലിലേറ്റ തോൽവിക്ക് പ്രതികാരം ചെയ്യാനും കൊളംബിയക്ക് കഴിഞ്ഞു. എട്ട് മത്സരം പൂർത്തിയായപ്പോൾ 18 പോയിന്റുമായി അർജന്റീനയപ്പാണ് ഇപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നൽക്കുന്നത്. ഇത്രയും മത്സരത്തിൽനിന്ന് 16 പോയിന്റുള്ള കൊളംബിയ രണ്ടാം സ്ഥാനത്തുമുണ്ട്. ഒക്ടോബർ 11ന് വെനസ്വേലക്കെതിരേയാണ് അർജന്റീനയുടെ അടുത്ത ലോകകപ്പ് യോഗ്യാതാ മത്സരം.