അർജൻ്റീന സെമിയിൽ
ഏത് മത്സരമായാലും സമനിലയിലെത്തിയാൽ പിന്നെ അർജൻ്റീനക്ക് ആശ്വാസമാണ്. ഗോൾവലക്ക് മുന്നിൽ ചിറക് വിരിച്ചു നിൽക്കു എമിലിയാനോ മാർട്ടിനസ് ടീമിനെ രക്ഷപ്പെടുത്തുമെന്ന ആത്മവിശ്വാസം. അതു തന്നെയായിരുന്നു ഇന്ന് ഇക്വഡോറിനെതിരേ എമിലിയാനോ തെളിയിച്ചത്. പെനാൽറ്റിയിലേക്ക് നീണ്ട മത്സരത്തിൽ ഇക്വഡോറിനെതിരേ അർജൻ്റീനക്ക് 4-2ൻ്റെ ജയം.
മത്സരത്തിൽ അർജൻ്റീനയെ വീഴ്ത്തമെന്ന ആഗ്രഹത്താൽ ശ്രദ്ധയോടെയായിരുന്നു ഇക്വഡോർ തുടങ്ങിയത്. ഇക്വഡോറിനെ വീഴ്ത്താനാകുമെന്ന വിശ്വാസത്തിൽ അർജൻ്റീനയും മികച്ച നീക്കങ്ങളുമായി കരുക്കൾ നീക്കി. ആദ്യ പകുതിയിൽ ഗോൾ നേടാൻ അർജൻ്റീനക്ക് രണ്ടിലധികം അവസരങ്ങൾ ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. ഈ അവസരത്തിലെല്ലാം വീണു കിട്ടിയ അവസരത്തിൽ കൗണ്ടർ അറ്റാക്കിലൂടെ ഇക്വഡോർ അർജൻ്റീനയുടെ ഗോൾ മുഖം വിറപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ മുപ്പത്തി അഞ്ചാം മിനുട്ടിൽ ലഭിച്ച കോർണറിൽ നിന്നായിരുന്നു അർജൻ്റീനയുടെ ഗോൾ പിറന്നത്. പ്രതിരോധ താരം ലിസാന്ദ്രോ മാർട്ടിനസായിരുന്നു ലോക ചാംപ്യൻമാർക്കായി ലക്ഷ്യം കണ്ടത്. പിന്നീട് ആദ്യ പകുതിയിൽ ഗോളൊന്നും പിറക്കാതിരുന്നതോടെ ഒരു ഗോളിൻ്റെ ലീഡുമായി അർജൻ്റീന മത്സരം അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള തീരുമാനവുമായി എത്തിയ ഇക്വഡോർ അർജൻ്റീനയുടെ പോസ്റ്റിലേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. രണ്ടാം പകുതിയിൽ അർജൻ്റീനക്ക് കാര്യമായ ഒരു നീക്കം പോലും നടത്താനായില്ല. എങ്കിലും ഇരച്ചെത്തിക്കൊണ്ടിരുന്ന ഇക്വഡോർ താരങ്ങളെ ശക്തമായി അർജൻ്റീന പ്രതിരോധിച്ചു കെണ്ടിരുന്നു. മത്സരം പുരോഗമിക്കവെ രണ്ടാം പകുതിയിൽ മുന്നേറ്റത്തിൽ നിന്ന് മാർട്ടിനസിനെ പിൻവലിച്ച് അൽവാരസിനെ കളത്തിലിറക്കി. മത്സരം പുരോഗമിക്കവെ ഇക്വഡോറിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. അർജൻ്റീനയെ പിടിച്ചുകെട്ടാൻ ഇക്വഡോറിന് ലഭിച്ച സുവർണാവസരം. എന്നാൽ കിക്കെടുത്ത വലൻസിയക്ക് പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. വലൻസിയയുടെ കിക്ക് പോസ്റ്റിൽ തട്ടി റീ ബൗണ്ട് വന്നെങ്കിലും രണ്ടാം ഷോട്ടും വലയിലാക്കാനായില്ല.
മറുഭാഗത്ത് മൂന്ന് മാറ്റങ്ങൾ വരുത്തി എങ്ങനെയെങ്കിലും ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ഇക്വഡോർ ശ്രമം നടത്തി. ഒടുവിൽ അവർ ആഗ്രഹിച്ച സമയമെത്തി. 91 -ാം മിനുട്ടിൽ അർജൻ്റീനയുടെ വലയിൽ ഇക്വഡോറിൻ്റെ സമനില ഗോൾ . മത്സരം വീണ്ടും ആവേശത്തിലേക്ക്. മത്സരത്തിൽ എക്സ്ട്ര ടൈം ഇല്ലാത്തതിനാൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. മത്സരം പെനാൽറ്റിയിലെത്തിയതോടെ ബാറിനു താഴെ എമി ഉണ്ടെന്നതായിരുന്നു അർജൻ്റീനയുടെ ആശ്വാസം. ആദ്യമായി അർജൻ്റിനക്കായി കിക്കെടുത്തത് മെസ്സിയായിരുന്നു. എന്നാൽ മെസ്സിയുടെ കിക്ക് ലക്ഷ്യം കണ്ടില്ല. അർജൻ്റീനയുടെ നെഞ്ചിടിപ്പ് കൂടി. എന്നാൽ ഇക്വഡോറിൻ്റെ മെനയുടെ കിക്ക് എമി തടഞ്ഞിട്ടതോടെ സ്കോർ O-0. അടുത്ത കിക്ക് അൽവാരലക്ഷ്യത്തിലെത്തിച്ചു. പിന്നീട് കിക്കെടുക്കാനായി ഇക്വഡോറിൻ്റെ അലൻ മിൻഡാസ് എത്തന്നു. കിക്ക് എമി അനായാസം തടഞ്ഞിട്ടതോടെ സ്കോർ 1-0. പിന്നീട് അർജൻ്റീനക്കായി മാക് അലിസ്റ്റർ, മോണ്ടിയേൽ, ഒട്ടാമെൻഡി എന്നിവരും ലക്ഷ്യം കണ്ടതോടെ അർജൻ്റീന സെമിയിൽ പ്രവേശിച്ചു. പത്തിനാണ് സെമി ഫൈനൽ മത്സരം.