ടി20 ലോകകപ്പ്: അഫ്ഗാൻ സെമിയിൽ
സൂപ്പര്‍ എട്ടിലെ അതിനിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി അ്ഫ്ഗാനിസ്ഥാന് ടി20 ലോകകപ്പ് സെമിയില്‍. ഐ.സി.സി ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ അഫ്ഗാനിസ്ഥാന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഏഷ്യന്‍ ത്രില്ലറില്‍ എട്ടു റണ്‍സിനായിരുന്നു അഫ്ഗാന്റെ ജയം. ഇതോടെ നാല് പോയിന്റുമായി ഗ്രൂപ്പ് ഒന്നില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി അഫ്ഗാനിസ്ഥാന് സെമിയിലെത്തി. ആസ്ട്രേലിയ പുറത്തായി. മൂന്നാമതുള്ള ആസ്ട്രേലിയയ്ക്ക് രണ്ടു പോയിന്റു മാത്രമാണുള്ളത്. ഇന്ത്യയ്ക്കെതിരായ അവസാന മത്സരം തോറ്റതാണ് കംഗാരുക്കള്‍ക്ക് തിരിച്ചടിയായത്. സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാന് ദക്ഷിണാഫ്രിക്കയെ നേരിടും.
ഇന്ന് ബംഗ്ലദേശ് ജയിച്ചിരുന്നെങ്കില്‍ ആസ്ട്രേലിയയ്ക്കു സെമി ഫൈനല്‍ സാധ്യതയുണ്ടായിരുന്നു. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തിരുന്നു. മഴ കാരണം ബംഗ്ലദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി ചുരുക്കി. എന്നാല്‍ ബംഗ്ലാദേശ് 17.5 ഓവറില്‍ 105 റണ്‍സിന് പുറത്തായി. 3.5 ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റു വീഴ്ത്തിയ നവീനുല്‍ ഹഖാണ് ബംഗ്ലാ കടുവകളെ തകര്‍ത്തത്. ക്യാപ്റ്റന്‍ റാഷിദ് ഖാനും നാലു വിക്കറ്റുകള്‍ സ്വന്തമാക്കി.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനു മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ റഹ്മാനുല്ല ഗുര്‍ബാസും ഇബ്രാഹിം സദ്രാനും 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗുര്‍ബാസ് 55 പന്തില്‍ 43 റണ്‍സെടുത്തു. 29 പന്തുകള്‍ നേരിട്ട സദ്രാന് 18 റണ്‍സാണു നേടിയത്.
അസ്മത്തുല്ല ഒമര്‍സായി (12 പന്തില്‍ 10), ഗുല്ബദിന് നയിബ് (നാല്), മുഹമ്മദ് നബി (ഒന്ന്), കരിം ജനത് (ഏഴ്) എന്നിങ്ങനെയാണു മറ്റുള്ളവരുടെ സ്കോറുകള്‍. ബംഗ്ലദേശിനായി റിഷാദ് ഹുസെയ്ന്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ ലിറ്റന്‍ദാസ് മാത്രമാണു ബംഗ്ലദേശ് നിരയില്‍ തിളങ്ങിയത്. അര്‍ധ സെഞ്ചുറി നേടി അവസാനം വരെ പിടിച്ചു നിന്ന ലിറ്റണ്ദാസിനു മറുവശത്ത് വിക്കറ്റുകള്‍ നിലംപൊത്തി ടീം തകരുന്നത് കാണാനായിരുന്നു വിധി. 49 പന്തില്‍ 54 റണ്‍സാണ് ദാസ് സ്വന്തമാക്കിയത്. മധ്യനിരയില്‍ സൗമ്യ സര്‍ക്കാര്‍ (10 പന്തില്‍ 10), തൗഹിദ് ഹൃദോയ് (ഒന്‍പതു പന്തില്‍ 14) എന്നിവര്‍ മാത്രമാണു രണ്ടക്കം കടന്ന മറ്റുള്ളവര്‍.