ആർ.സി.ബി കളത്തിൽ
പുതിയ സീസണ്‍ വനിതാ പ്രീമിയര്‍ ലീഗിന്(WPL) ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഗുജറാത്ത് ജയന്റ്‌സിനെ നേരിടും. ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ഥാനയുടെ നേതൃത്വത്തില്‍ കിരീടം നിലനിര്‍ത്താനുറച്ചാണ് ഇത്തവണയുമെത്തുന്നത്. എലീസ പെറി, ചാര്‍ലി ഡീന്‍, റിച്ച ഘോഷ്, ആശ ശോഭന, രേണുക സിങ്, ശ്രേയങ്ക പാട്ടീല്‍ തുടങ്ങിയവരാണ് ടീമിന്റെ കരുത്ത്. അണ്ടര്‍-19 ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന മലയാളി താരം വി.ജെ ജോഷിതയും ആര്‍.സി.ബി ടീമിലുണ്ട്.
മറുവശത്ത് ആസ്‌ത്രേലിയന്‍ താരം ആഷ്‌ലി ഗാര്‍ഡനറിന് കീഴിലാണ് ഗുജറാത്ത് ജയന്റ്‌സ് ഇറങ്ങുന്നത്. ഹര്‍ലീന്‍ ഡിയോള്‍, ബെത് മൂണെയ്, ഡാനിലെ ഗിബ്‌സണ്‍. ലൗറ വോള്‍വാര്‍ട് തുടങ്ങിയവരിലാണ് ഗുജറാത്തിന്റെ പ്രതീക്ഷ.
ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, യു.പി വാരിയേഴ്‌സ് എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റുടീമുകള്‍. മാര്‍ച്ച് 15നാണ് ഫൈനല്‍. വഡോദര, ബെംഗളൂരു, ലഖ്‌നൗ, മുംബൈ എന്നീ നാല് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.
എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം വൈകുന്നേരം 7:30 ന് ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്‌സ്റ്റാറിലും തത്സമയം കാണാം.