ഐ ലീഗിൽ ഗോകുലം കേരളക്ക് ജയത്തുടക്കം
സന്തോഷ് ട്രോഫിയിൽ ലക്ഷദ്വീപിനെ പത്ത് ഗോളിന് തോൽപിച്ച് കേരളം
ഫുട്‌ബോളിൽ കേരളത്തിന് ഇന്നലെ ഇരട്ടി സന്തോഷം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ കേരളം ജയിച്ചപ്പോൾ ഹൈദരാബാദിൽ നടന്ന ഐ ലീഗിൽ ഗോകുലം കേരളയും വിജയം കൊയ്തു. സന്തോഷ് ട്രോഫിയിലെ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത പത്ത് ഗോളിന് ലക്ഷദ്വീപിനെയായിരുന്നു കേരളം തകർത്തത്.
ജയിച്ചതോടെ കേരളത്തിന്റെ ഫൈനൽ റൗണ്ട് പ്രവേശനം ഏറെക്കുറെ ഉറപ്പായി. മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ കേരളം അനായാസമായിട്ടായിരുന്നു ജയിച്ചു കയറിയത്. ആറാം മിനുട്ടിൽ അജ്‌സലിന്റെ അക്രോബാറ്റിക് ഗോളോടെയായിരുന്നു കേരളം തുടങ്ങിയത്. ഒരു ഗോൾ നേടിയതോടെ പിന്നീട് മത്സരത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ കേരളത്തിന് കഴിഞ്ഞു.
കൃത്യമായ ഇടവേളകളിൽ കേരളം ഗോൾ നേടിക്കൊണ്ടിരുന്നു. 89ാം മിനുട്ടിലായിരുന്നു അവസാന ഗോൾ പിറന്നത്. കേരളത്തിനായി സജീഷ് ഹാട്രിക് സ്വന്തമാക്കി. 37,78,89 മിനുട്ടുകളിലായിരുന്നു സജീഷിന്റെ ഗോളുകൾ പിറന്നത്. ഗനിയും അജ്‌സലും ഇരട്ട ഗോൾ നേടി കേരളത്തിന്റെ സ്‌കോർ ബോര്ഡിന് മികച്ച സംഭാവന നൽകി. ഒൻപാതം മിനുട്ടിൽ നസീബ് റഹ്മാന്റെ വകയായിരുന്നു കേരളത്തിന്റെ രണ്ടാം ഗോൾ.
മുഷറഫ് (57) അർജുൻ (46) എന്നിവരും കേരളത്തിനായി ഗോളുകൾ കണ്ടെത്തി. ആദ്യ മത്സരത്തിൽ റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച കേരളത്തിന് രണ്ടാം ജയം ഫൈനൽ റൗണ്ട് അനായാസമാക്കി. ഗ്രൂപ്പ് എച്ചിൽ പോണ്ടിച്ചേരിക്ക് എതിരേയാണ് കേരളത്തിന്റെ മൂന്നാം മത്സരം. ഈ മത്സരത്തിലും ജയിച്ചാൽ ഗ്രൂപ്പ് ചാംപ്യൻമാരായി കേരളത്തിന് ഫൈനൽ റൗണ്ട് ഉറപ്പിക്കാനാകും.
കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ റെയിൽവേസ് 10-1 എന്ന സ്‌കോറിന് പോണ്ടിച്ചേരിയെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ കേരളത്തിനോട് തോറ്റ റെയിൽവേസ് മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. റെയിൽവേസിനായി സുഫിയാൻ ഹാട്രിക് നേടി. ഹൈദരാബാദിൽ നടന്ന ഐ ലീഗിലെ ഉദ്ഘാടന മത്സരത്തിലായിരുന്നു ഗോകുലം കേരള ജയത്തോടെ തുടങ്ങിയത്.
സെർജിയോയുടെ നേതൃത്വത്തിലായിരുന്നു ഗോകുലം ഇറങ്ങിയത്. ശ്രീനിധി ഡക്കാൻ എഫ്.സിയെ എവേ മത്സരത്തിൽ 3-2 എന്ന സ്‌കോറിനാണ് മലബാറിയൻസ് വീഴ്ത്തിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ഗോകുലം തിരിച്ചുവന്ന് ജയം കൊയ്യുകയായിരുന്നു. 40ാം മിനുട്ടിൽ റൊമാവിയുയടെ ഗോളിൽ ശ്രീനിധി മുന്നിലെത്തി. ഇതോടെ ആദ്യ പകുതിയിൽ ശ്രീനിധി ഒരു ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തിരിച്ചടിച്ച ഗോകുലം ജയവും മൂന്ന് പോയിന്റുമായിട്ടായിരുന്നു മടങ്ങിയത്. 60ാം മിനുട്ടിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മാർട്ടിന് ഗോകുലത്തിന് സമനില നൽകി. മത്സരം സമനിലയിലായതോടെ ഇരു ടീമുകളും പൊരുതിക്കളിച്ചുകൊണ്ടിരുന്നു. ശക്തമായ പോരാട്ടത്തിനൊടുവിൽ 85ാം മിനുട്ടിൽ അബെലോഡോയുടെ ഗോളിൽ ഗോകുലം മുന്നിലെത്തി.
നിശ്ചിത സമയത്ത് ഗോകുലം ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ ഗോൾ തിരിച്ചടിക്കാൻ ശ്രീനിധി ശക്തമായി ശ്രമിക്കുന്നതിനിടെ ഗോകുലത്തിന്റെ മൂന്നാം ഗോളും പിറന്നു. 95ാം മിനുട്ടിൽ തർപുയായിരുന്നു മലബാറിയൻസിന്റെ ഗോൾ നേടിയത്. എന്നാൽ അടുത്ത മിനുട്ടിൽ ശ്രീനിധി ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും ഗോകുലം ശക്തമായി പ്രതിരോധിക്കുകയായിരുന്നു. 29ന് എവേ മത്സരത്തിൽ ഗോകുലം റിയൽ കശ്മീരിനെ നേരിടും.
രണ്ടാം റൗണ്ട് മത്സരങ്ങൾ സോണിയിൽ കാണാം
ഐ ലീഗിലെ രണ്ടാം റൗണ്ട് മുതലുള്ള മത്സരങ്ങൾ സോണി നെറ്റ്‌വർക്ക് സംപേക്ഷണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ആദ്യ റൗണ്ട് മത്സരങ്ങൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ എസ്.എസ്.ഇ.എന്നിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഐ ലീഗിന്റെ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് അനിശ്ചതത്വമുണ്ടായിരുന്നു. മത്സരം സംപ്രേക്ഷണം ചെയ്തില്ലെങ്കിൽ ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ക്ലബുകൾ മുന്നിറിയിപ്പ് നൽകിയതിനെ തുടർന്നായിരുന്നു രണ്ടാം റൗണ്ട് മുതൽ സോണിയിൽ സംപ്രേക്ഷണം ചെയ്യാൻ തീരുമാനിച്ചത്.