ആസ്‌ത്രേലിയക്കെതിരേയുള്ള ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റിലെ ആദ്യ മത്സരത്തിൽ ആവേശക്കളി. മത്സരത്തിന്റെ ആദ്യ ദിനത്തിൽ ഇന്ത്യയും ആസ്‌ത്രേലിയയും കൊണ്ടും കൊടുത്തും മൈതാനത്ത് നിറഞ്ഞുനിന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ബൗളർമാരെ പിന്തുണക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാർക്ക് കൂടുതൽ സമയം നിൽക്കാൻ കഴിഞ്ഞില്ല.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 150 റൺസ് മാത്രമാണ് കണ്ടെത്തിയത്. മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ച് എത്തിയവരെല്ലാം പെട്ടെന്ന് മടങ്ങിയതായിരുന്നു ഇന്ത്യക്ക് തിരിച്ചടിയായത്. ഓപണർ ജെയ്‌സ്വാൾ ഡക്കായിട്ടാണ് പവലിയനിലേക്ക് തിരിച്ചുപോയത്. എട്ട് പന്ത് മാത്രമായിരുന്നു താരം ക്രീസിൽ നിന്നത്. കൂട്ടിനുണ്ടായിരുന്ന രാഹുൽ പതിയെ സ്‌കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും തേഡ് അമ്പയറുടെ തെറ്റായ തീരുമാനം കാരണം വിക്കറ്റ് നഷ്ടമായി.
74 പന്തനിൽനിന്ന് മൂന്ന് ഫോർ ഉൾപ്പെടെ 26 റൺസായിരുന്നു രാഹുൽ നേടിയത്. ജെയ്‌സ്വാളിന് ശേഷം ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കിൽ പ്രതിരോധിച്ച് നിൽക്കാനാണ് ശ്രമിച്ചത്. എന്നാൽ താരത്തിന്റെ വിക്കറ്റും പെട്ടെന്ന് നഷ്ടമായി. 23 പന്തിൽനിന്ന് റൺ ഒന്നുമെടുക്കാതെയായിരുന്നു ദേവ്ദത്ത് മടങ്ങിയത്. ജോഷ് ഹേസൽവുഡിന്റെ പന്തിൽ അലക്‌സ് കാരിയായിരുന്നു ദേവ്ദത്തിനെ മടക്കിയത്.
പിന്നീടെത്തിയ വിരാട് കോഹ് ലിക്കും തിളങ്ങാൻ കഴിഞ്ഞില്ല. 12 പന്തിൽ അഞ്ച് റൺസ് മാത്രം സ്‌കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്ത് കോഹ് ലിയും കൂടാരം കയറി. പിന്നീട് അൽപമെങ്കിലും പൊരുതി നോക്കിയത് ഋഷഭ് പന്തായിരുന്നു. 78 പന്തിൽനിന്ന് 37 റൺസാണ് പന്ത് സ്‌കോർ ബോർഡിലേക്ക് സംഭാവന ചെയ്തത്. മൂന്ന് ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. മുൻഗാമികൾ ചെയ്തത് പോലെ തന്നെയായിരുന്നു ദ്രുവ് ജുറേലും വാഷിങ്ടൺ സുന്ദരും ക്രീസിൽ ചെയ്തത്.
ജുറേൽ 20 പന്തിൽനിന്ന് 11 റൺസെടുത്തപ്പോൾ 15 പന്തിൽ നാലു റൺസായിരുന്നു വാഷിങ്ടൺ സുന്ദറിന്റെ സംഭാവന. 59 പന്തിൽ ആറു ഫോറും ഒരു സിക്‌സറും ഉൾപ്പെടെ 41 റൺസെടുത്ത നിതിഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സോകറർ. ഇന്ത്യയെ ചെറിയ സ്‌കോറിൽ ഒതുക്കിയ സന്തോഷം ആസ്‌ത്രേലിയക്ക് കൂടുതൽ സമയം ആസ്വദിക്കാൻ കഴിഞ്ഞില്ല.
അതിന് മുൻപ് തന്നെ ഇന്ത്യ അതേനാണയത്തിൽ തിരിച്ചടി നൽകി. ആദ്യ ദിനം മത്സരം നിർത്തുമ്പോൾ ആസ്‌ത്രേലിയ 27 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ്. ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും തീയുണ്ടകൽക്ക് മുന്നിൽ പതറിയായിരുന്നു ഓസീസ് താരങ്ങൽ വരിവരിയായി മടങ്ങിയത്. ഓസീസിന്റെ ടോപ് ഓർഡർ ബാറ്റിങ്‌നിരയെ അനായാസം തകർത്ത ഇന്ത്യ മത്സരത്തിൽ ആധിപത്യം കൈവരിച്ചു.
28 പന്തിൽനി്‌ന് 19 റൺസുമായി അലക്‌സ് ക്യാരി, 14 പന്തിൽനിന്ന് ആറു റൺസുമായി മിച്ചൽ സ്റ്റാർക്ക് എന്നിവരാണ് ക്രീസിലുള്ളത്. ഓപണർമാരായ ഉസ്മാൻ ഖവാജ 19 പന്തിൽനിന്ന് എട്ട് റൺസ് നേടിയപ്പോൾ നഥാൻ മക്‌സ്വീനി 13 പന്തിൽ 10 റൺസാണ് സ്‌കോർ ബോർഡിലേക്ക് സംഭാവന നൽകിയത്. മാർനഷ് ലബൂഷനെ 52 പന്തുകൾ ക്രീസിൽ നിന്നെങ്കിലും രണ്ട് റൺസ് മാത്രമായിരുന്നു നേടിയത്.
മുഹമ്മദ് സിറാജിന്റെ പന്തിൽ എൽബിയിൽ കുടുങ്ങിയായിരുന്നു മടങ്ങിയത്. പ്രതിരോധം ലക്ഷ്യമിട്ട് സ്റ്റീവ് സ്മിത്ത് എത്തിയെങ്കിലും ആദ്യ പന്തിൽ തന്നെ മടങ്ങാനായിരുന്നു വിധി. ബുംറയുടെ പന്തിൽ എൽബിയിൽ കുടുങ്ങിയായിരുന്നു സ്മിത്തിന്റെ മടക്കം. 19 പന്തിൽനിന്ന് ആറു റൺസ് സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്ത് മിച്ചൽ മാർഷും മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷ വർധിച്ചു.
ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് അഞ്ചു പന്തിൽ മൂന്ന് റൺസ് മാത്രമാണ് നേടിയത്. ബുംറയുടെ പന്തിൽ പന്തിന് ക്യാച്ച് നൽകിയായിരുന്നു കമ്മിൻസ് മടങ്ങിയത്. ഇന്നും കൃത്യതയോടെ പന്തെറിഞ്ഞാൽ ഇന്ത്യക്ക് ഉടൻ തന്നെ ഓസീസിനെ വീഴ്ത്താൻ കഴിയും. ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താൻ ഓസീസിന് ഇനിയും 83 റൺസ് കണ്ടെത്തണം.