ഐ.എസ്.എല്ലിൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയെ സമനിലയിൽ തളച്ച് ഒഡിഷ എഫ്.സി. 14ാം മിനുട്ടിൽ റോയ് കൃഷ്ണയുടെ ഗോളിൽ ഒഡിഷയായിരുന്നു ആദ്യം ലീഡ നേടിയത്. എന്നാൽ പിന്നീട് ശക്തമായി തിരിച്ചു വന്ന മുംബൈ 23ാം മിനുട്ടിൽ സമനില ഗോൾ നേടി. നിക്കോളാസ് കരാളിസായിരുന്നു മുംബൈക്കായി ആശ്വാസ ഗോൾ നേടിയത്. പിന്നീട് വിജയ ഗോളിനായി ഇരു ടീമുകളും പോരാട്ടം ശക്തമാക്കിയെങ്കിലും ഫലമുണ്ടായില്ല. 80ാം മിനുട്ടിൽ ഒഡിഷ പ്ലേ മേക്കർ അഹ്മദ് ജാഹു ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പിന്നീട് പത്തു പേരുമായിട്ടായിരുന്നു ഒഡിഷ മത്സരം പൂർത്തിയാക്കിയത്. ഈ അവസരം മുതലെടുക്കാൻ മുംബൈക്ക് കഴിഞ്ഞില്ല. അഞ്ചു മത്സരത്തിൽനിന്ന് ആറു പോയിന്റുള്ള മുംബൈ സിറ്റി പട്ടികയിൽ ഒൻപതാം സ്ഥാനത്താണിപ്പോൾ. ആറു മത്സരത്തിൽനിന്ന് എട്ട് പോയിന്റുള്ള ഒഡിഷ ഏഴാം സ്ഥാനത്തുമുണ്ട്.