നാളെ നടക്കുന്ന സൂപ്പർ ലീഗ് കേരളയിൽ ആതിഥേയരായ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി,ഫോഴ്‌സ കൊച്ചി എഫ്‌സിയെ നേരിടും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ഇരുടീമുകൾക്കും നിർണായകമായ പോരാട്ടം നടക്കുന്നത്.
കഴിഞ്ഞയാഴ്ച കോഴിക്കോട്ട് നടന്ന മത്സരത്തിൽ ടേബിൾ ടോപ്പർമാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയെ 2-1 ന് തോൽപ്പിച്ചതിൻ്റെ ആത്മവിശ്വാസത്തലാണ് കൊമ്പൻസ് കളത്തിലിറങ്ങുന്നത്. എട്ട് മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുമായി അവർ മൂന്നാം സ്ഥാനത്താണുള്ളത് (3 ജയം, 2 തോൽവി, 3 സമനില). ഫോഴ്‌സയ്ക്കും ഇത് ജീവൻ മരണ പോരാട്ടമാണ്, സെമിഫൈനലിൽ കളിക്കാൻ കൊച്ചി ടീമിന് നാളത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.
നിലവിലെ സാഹചര്യത്തിൽ 16 പോയിൻ്റുള്ള കോഴിക്കോട് എഫ്‌സി മാത്രമാണ് അവസാന നാലിൽ സ്ഥാനം ഉറപ്പിച്ച ഏക ടീം. 13 പോയിൻ്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും 10 പോയിൻ്റുമായി ഫോഴ്‌സ
നാലാം സ്ഥാനത്തും ഉണ്ട്. എല്ലാ ടീമുകൾക്കും രണ്ട് കളികൾ ബാക്കിയുള്ളപ്പോൾ ഓരോ പോയിൻ്റും നിർണായകമാണ്.
ബ്രസീലിയൻ ഹെഡ് കോച്ച് സെർജിയോ അലക്‌സാന്ദ്രെയാണ് കൊമ്പൻസിന്റെ പോരാട്ട വീര്യത്തിന് പിന്നിലെ സൂത്രധാരൻ. തന്ത്രങ്ങൾ മെനയുന്നതിൽ പേരുകേട്ട സെർജിയോയുടെ നേത്രുത്വമാണ് കൊമ്പൻസിന്റെ മികച്ചപ്രകടനങ്ങൾക്ക് പിന്നിൽ, പ്രത്യേകിച്ച് മിഡ് ഫീൽഡിൽ പ്രാവീണ്യമുള്ള പാട്രിക് മോട്ട വിജയകുതിപ്പിനുള്ള കടിഞ്ഞാൺ വലിക്കുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ഗോളുകൾ വഴങ്ങുമ്പോഴും കളത്തിലെ അവരുടെ നിർഭയമായ സമീപനം ആരാധകരുടെ പ്രശംസയ്ക്ക് ഇടയാക്കിയിട്ടുണ്ട്.