ബൊളീവിയക്കെതിരേ അര്‍ജന്റീനിയന്‍ ജഴ്‌സിയില്‍ ഹാട്രിക് തികച്ച ശേഷമുള്ള തൊട്ടടുത്ത മത്സരത്തില്‍ ഇന്റര്‍ മിയാമിക്കായും ഹാട്രിക് നേടിയ ലയണല്‍ മെസി. സൂപ്പര്‍ താരം നിറഞ്ഞാടിയ എം.എല്‍.എസ് മത്സരത്തില്‍ ന്യൂ ഇംഗ്ലണ്ടിനെതിരേ 6-2 എന്ന വമ്പന്‍ ജയം നേടാനും മിയാമിക്കായി. രണ്ടു ഗോളിനു പിന്നില്‍നിന്ന ശേഷമാണ് ഇന്റര്‍ മയാമി ഫളോറിഡയില്‍ ഗോളുകള്‍ അടിച്ചുകൂട്ടിയത്.
മത്സരത്തിന്റെ 57ാം മിനുട്ടിലാണ് മെസി പകരക്കാരനായി കളത്തിലെത്തിയത്. തുടര്‍ന്ന് 78ാം മിനുട്ടില്‍ ആദ്യ ഗോള്‍നേടിയ മെസി 81, 89 മിനുട്ടുകളില്‍ അടുത്ത രണ്ട് ഗോളുകളും നേടി ഹാട്രിക് തികച്ചു. മിയാമിക്കായി ലൂയിസ് സുവാരസ് ഇരട്ട ഗോളുകളും നേടി. ശേഷിച്ച ഒരു ഗോള്‍ ബെന്‍ജമിന്‍ ക്രെമാഷ്ചിയും നേടി.
74 പോയിന്റുമായാണ് ഇന്റര്‍ മയാമി മേജര്‍ ലീഗ് സോക്കര്‍ സീസണ്‍ ഫിനിഷ് ചെയ്തത്. ലീഗിലെ ഒരു ടീമിന്റെ റെക്കോര്‍ഡ് പ്രകടനമാണിത്. കളിച്ച 22 മത്സരങ്ങള്‍ ജയിച്ച മയാമി നാലെണ്ണം മാത്രമാണു തോറ്റത്. എട്ടു കളികള്‍ സമനിലയില്‍ കലാശിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിലും മെസ്സിയും ഇന്റര്‍ മയാമിയും കളിക്കും. ലോകത്തെ ഏറ്റവും മികച്ച 32 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം യുഎസിലായിരിക്കും.