സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സിക്കെതിരേ പൊരുതിത്തോറ്റ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. 2-3 എന്ന സ്‌കോറിനായിരുന്നു നോർത്ത്ഈസ്റ്റിന്റെ തോൽവി. അഞ്ചാം മിനുട്ടിൽ നെസ്റ്റർ ആൽബിയാക്കിലൂടെ നോർത്ത് ഈസ്റ്റായിരുന്നു ആദ്യ ഗോൾ നേടിയത്. എന്നാൽ ലീഡ് നിലനിർത്താൻ അവർക്കായില്ല. 25ാം മിനുട്ടിൽ ഗോൾ മടക്കി ചെന്നൈയിൻ സമനില പിടിച്ചു. വിൽമർ ജോർദാനായിരുന്നു ചെന്നൈയിനായി ആദ്യ ഗോൾ നേടിയത്.
മത്സരം സമനിലായതോടെ ഇരു ടീമുകളുടെയും മുന്നേറ്റത്തിന് ശക്തികൂടി. 36ാം മിനുട്ടിൽ ചെന്നൈയിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ലൂക്കാസ് പന്ത് ലക്ഷ്യത്തിലെത്തിച്ച് ചെന്നൈയിന് ലീഡ് നൽകി. സ്‌കോർ 2-1. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി ചെന്നൈയിൻ മത്സരം അവസാനിപ്പിച്ച ചെന്നൈയിൻ 51ാം മിനുട്ടിൽ മൂന്നാം ഗോളും നേടി. വിൽമർ ജോർദാൻ തന്നെയായിരുന്നു മൂന്നാം ഗോളും നേടിയത്.
എന്നാൽ പിന്നീട് 83ാം മിനുട്ടിൽ ചെന്നൈയിൻ താരം റെൻതേയ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായിട്ടായിരുന്നു ചെന്നൈയിൻ മത്സരം പൂർത്തിയാക്കിയത്. ഈ അവസരം മുതലാക്കിയ നോർത്ത് ഒരു ഗോൾകൂടി മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തി. പെനാൽറ്റിയിൽനിന്ന് അലാദ്ദീനായിരുന്നു നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോൾ നേടിയത്. പിന്നീട് സമനിലക്കായി അവർ പൊരുതി നോക്കിയെങ്കിലും ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. നാലു മത്സരത്തിൽനിന്ന് ഏഴു പോയിന്റുള്ള ചെന്നൈയിൻ പട്ടികയിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ. അഞ്ച് മത്സരത്തിൽനിന്ന് അഞ്ചു പോയിന്റുള്ള നോർത്ത് ഈസ്റ്റ് എട്ടാം സ്ഥാനത്തുമുണ്ട്.