സൂപ്പർ ലീഗ് കേരളയിൽ ഇന്ന് മലപ്പുറം എഫ്.സിയും ഫോഴ്‌സാ കൊച്ചി എഫ്.സിയും കളത്തിലിറങ്ങുമ്പോൾ മത്സരം കടുക്കും. ലീഗിലെ ആദ്യ മത്സരത്തിൽ കൊച്ചിയുടെ ഫോഴ്‌സ് തകർത്ത മലപ്പുറം വിജയക്കൊടി പാറിച്ചെങ്കിലും പിന്നീട് ജയം അകലെ നിൽക്കുകയാണ്. തോൽവിയും സമനിലയുമായി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് മലപ്പുറത്തിന്റെ സ്ഥാനം. ഹോം ഗ്രൗണ്ടിൽ ജയമെന്ന എം.എഫ്.സിയുടെ മോഹം ഇന്നെങ്കിലും പൂവണിയുമൊ എന്നാണ് ആരാധർ ഉറ്റുനോക്കുന്നത്.
സ്വന്തം തട്ടകത്തിൽ ഏറ്റുവാങ്ങേണ്ടി വന്ന പരാജയത്തിന് പ്രതികാരം ചെയ്യുകയാണ് കൊച്ചിയുടെ ലക്ഷ്യം. ഇനിയൊരു തോൽവി മുന്നോട്ടുള്ള വഴിക്കു തടസ്സമാകുമെന്ന് മലപ്പുറത്തിന് നന്നായറിയാം. മലപ്പുറത്തിന്റെ ക്യാപ്റ്റൻ അനസ് എടത്തൊടിക, റൂബൻ ഗാർസ്, ഗുർജീന്ദർ, ബുജൈർ എന്നിവർക്കു പരുക്കു പറ്റിയത് മലപ്പുറം എഫ്.സി.യുടെ കണക്കുകൂട്ടൽ തെറ്റിച്ചിരിക്കുകയാണ്. ബുജൈർ ശസ്ത്രക്രിയക്കു വിധേയമാകുകയും ചെയ്തു.
പകരക്കാരായി രണ്ടു മണിപ്പൂർ താരങ്ങളെ ടീം ക്യാംപിലെത്തിച്ചിട്ടുണ്ട്. മധ്യനിര താരമായ ബിദ്യാനന്ദ സിങ്, വിങറായ നൈറോം നോങ്ഡംബോ സിങ് എന്നിവരെയാണ് കൂടാരത്തിലെത്തിച്ചത്. ഇരുവരും ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്ന് വിജയിച്ചാൽ ഫോഴ്‌സാ കൊച്ചിക്കു രണ്ടാം സ്ഥാനത്തേക്കു മുന്നേറാം. ജയം മലപ്പുറത്തിനാണെങ്കിൽ ആദ്യ നാലിലുമെത്താം. ഇന്നത്തെ മത്സരത്തോടെ റൗണ്ട് ആറ് പൂർത്തിയാകും.
നാലു റൗണ്ടുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. 12 പോയിന്റുമായി കണ്ണൂർ വാരിയേഴ്‌സ് എഫ്.സി.യാണ് പോയിന്റ് ടേബിളിൽ ഒന്നാംസ്ഥാനത്ത്. 10 പോയിന്റോടെ കാലിക്കറ്റ് എഫ്.സി.യാണ് രണ്ടാം സ്ഥാനത്ത്. എട്ടു പോയിന്റുമായി ഫോഴ്‌സാ കൊച്ചി മൂന്നാമതും ആറു പോയിന്റുമായി തിരുവനന്തപുരം കൊമ്പൻസ് നാലാം സ്ഥാനത്തുമാണ്. തൃശൂരാണ് അവസാന സ്ഥാനക്കാർ.
പുതിയ താരങ്ങളിൽ പ്രതീക്ഷയർപ്പിച്ച് എം.എഫ്.സി
പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തുള്ള മലപ്പുറം എഫ്.സിക്ക് ജയം അനിവാര്യമാണ്. പുതിയ താരങ്ങളെ കളത്തിലിറക്കിയുള്ള പരീക്ഷണത്തിനാണ് ഇന്ന് ടീം മുതിരുന്നത്. രണ്ടു നോർത്ത് ഈസ്റ്റ് താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്.
മണിപ്പൂരുകാരായ ബിദ്യാനന്ദ സിങിനേയും നൈറോം നോങ്ഡംബോ സിങിനേയുമാണ് ടീമിന്റെ മുന്നേറ്റത്തിന് മലപ്പുറത്തെത്തിച്ചത്. ഐ.എസ്.എല്ലിലെ മികച്ച ഫോം സൂപ്പർ ലീഗ് കേരളയിൽ ടീമിന് കരുത്താകുമെന്നാണ് കരുതുന്നത്.
നൈറോം വിങ്ങറാണ്. കേരള ബ്ലാസ്‌റ്റേഴ്‌സ, ജംഷഡ്പുർ എഫ്.സി. എന്നിവർക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. മധ്യനിര താരമാണ് ബിദ്യാനന്ദ സിങ്. ഐ.എസ്.എല്ലിൽ എ.ടി.കെയുടെ താരമായ ബിന്ദ്യ മധ്യനിരയിൽ ടീമിന്റെ കുന്തമുനയായി മാറുകയാണ് ബിദ്യാനന്ദ സിങിൽ ഏൽപ്പിച്ച ദൗത്യം. ബംഗളൂരു എഫ്.സി, മുംബൈ സിറ്റി, മോഹൻ ബഗാൻ, റൗണ്ട് ഗ്രാസ് പഞ്ചാബ് എന്നിവർക്കായും താരം കളിച്ചിട്ടുണ്ട്.