ആരാധകക്കരുത്തും താരസമ്പത്തും ഒപ്പത്തിനൊപ്പം നിന്നു. പച്ചപ്പുൽ പാകിയ പയ്യനാട്ടെ കളിക്കോട്ടയിൽ ആവേശത്തിന്റെ പൊടിപാറി. ഗാലറിയിൽ ആവേശമാപിനി ഉയർന്നു. ഓണത്തലേന്ന് കാൽപന്തിന്റെ പുലിക്കളി തീർത്ത മത്സരത്തിൽ മലപ്പുറത്തെ അവരുടെ തറവാട്ടിൽ ചെന്ന് മുട്ടുകുത്തിച്ച് കോഴിക്കോട്. സൂപ്പർ ലീഗ് കേരളയിലെ രണ്ടാം റൗണ്ടിൽ വിജയം വരിച്ച് പോയിന്റ് ടേബിളിൽ കാലിക്കറ്റ് എഫ്.സി ഒന്നാമതെത്തി.
മലപ്പുറം എഫ്.സിക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു കാലിക്കറ്റ് എഫ്.സിയുടെ ജയം. ഗനി അഹമ്മദ്, ബെൽഫോർട്ട് എന്നിവരാണ് കോഴിക്കോടിനായി വല കുലുക്കിയത്. കരുതലോടെയായിരുന്നു ഇരു ടീമുകളുടെയും നീക്കങ്ങൾ. 22ാം മിനുട്ടിൽ മലപ്പുറത്തെ ആരാധകർ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. കാലിക്കറ്റിന്റെ ഗനി അഹമ്മദിന്റെ കാലിൽ നിന്ന് ഗോൾ പിറന്നു. സ്‌കോർ (1-0).
രണ്ടാം പകുതിയിൽ ജോർജ് ഡിസൂസ, നവീൻ കൃഷ്ണൻ, നിഷാം എന്നിവരെ കളത്തിലിറക്കിയുള്ള മലപ്പുറത്തിന്റെ പരീക്ഷണം വിജയിച്ചില്ല. പകരക്കാരനായി ഇറങ്ങിയ ജോർജ് ഡിസൂസയുടെ പിഴവിന് മലപ്പുറം വലിയ വില നൽകേണ്ടി വന്നു. ഡിസൂസയുടെ മൈനസ് പാസ് റാഞ്ചിയെടുത്ത ബെൽഫോർട്ട് മലപ്പുറത്തിന്റെ വലയിൽ പന്തെത്തിച്ചു. സ്‌കോർ (2-0). പരാജയത്തിന്റെ ആഴം കുറക്കാൻ മലപ്പുറത്തിന് മനോഹരമായ അവസരങ്ങളുടെ വഴി തുറന്നെങ്കിലും കാലിക്കറ്റിന്റെ പ്രതിരോധക്കോട്ടയിൽ തട്ടി മടങ്ങി.
അധിക സമയത്ത് വീണ്ടും മലപ്പുറത്തിന്റെ ഗോൾമുഖം ദുരന്തത്തിന് വഴിമാറി. ത്രോബോളിൽ നിന്ന് ലഭിച്ച അവസരം അബ്ദുൽ ഹക്കു ഗനിയിലേക്ക് നീക്കി. ഗനിയിലൂടെ കാലിക്കറ്റിന്റെ മൂന്നാം ഗോൾ. സ്‌കോർ (3-0).