യുവേഫ നാഷൻസ് ലീഗിൽ ഇംഗ്ലണ്ടിന് തുടർച്ചയായ രണ്ടാം ജയം. ഡബിൾ ഗോളുമായി തിളങ്ങിയ ക്യാപ്റ്റൻ ഹാരി കെയ്നിൻ്റെ മികവിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഫിൻലൻഡിനെയാണ് ഇംഗ്ലണ്ട് തോൽപിച്ചത്. 57,76 മിനുട്ടുകളിലായിരുന്നു കെയ്നിന്റെ ഗോളുകൾ. 79 ശതമാനം പന്ത് കൈവശംവെച്ച് കളിച്ച ഇംഗ്ലണ്ട് 22 ഷോട്ടുകളായിരുന്നു എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ എട്ട് എണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. എന്നാൽ ഫിൻലൻഡാകട്ടെ രണ്ട് ഷോട്ട് മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. ആദ്യ ഘട്ട മത്സരം പൂർത്തിയായപ്പോൾ രണ്ട് മത്സരത്തിൽനിന്ന് ആറു പോയിന്റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുണ്ട്.
ജർമനി-നെതർലൻഡ്‌സ് മത്സരം 2-2 എന്ന സ്‌കോറിനായിരുന്നു അവസാനിച്ചത്. രണ്ടാം മിനുട്ടിൽ റെയ്‌ന്‌ഡേഴ്‌സ് നേടിയ ഗോളിൽ നെതർലൻഡ്‌സ് മുന്നിലെത്തി. എന്നാൽ 38ാം മിനുട്ടിൽ ഡെനിസ് ഉണ്ടാവിലൂടെ ജർമനി സമനില പിടിച്ചു. ആദ്യ പകുതിയുടെ അധിക സമയത്ത് ജോഷ്വാ കിമ്മിന്റെ ഗോൾകൂടി വന്നതോടെ ആദ്യ പകുതിയിൽ ജർമനി ഒരു ഗോളിന്റെ ലീഡ് നേടി. എന്നാൽ ആ ഗോളിന് അധിക ആയുസുണ്ടായില്ല. 50ാം മിനുട്ടിൽ ഡെൻസെൽ ഡെംഫ്രൈസ് ഗോൾ നേടിയതോടെ മത്സരം 2-2 എന്ന നിലയിലായി. പിന്നീട് ഇരു ടീമുകളും ഗോളൊന്നും നേടാതിരുന്നതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.
എതിരില്ലാത്ത രണ്ട് ഗോളിന് ഗ്രീസ് അയർലൻഡിനെ പരാജയപ്പെടുത്തി. 1-0ന് ജോർജിയ അൽബേനിയയേയും തോൽപിച്ചു. ഹംഗറി ബോസ്‌നിയ മത്സരം ഗോൾ രഹിതമായി അവസാനിച്ചു. ഇതോടെ നാഷൻസ് ലീഗിന്റെ പ്രാഥമികഘട്ട മത്സരങ്ങൾ അവസാനിച്ചു. ഒക്ടോബർ 10നാണ് ഇനി ലീഗിൽ മത്സരങ്ങൾ.