പരുക്കിൽനിന്ന് മുക്തനായി തിരിച്ചെത്താൻ കഠിന ശ്രമം നടത്തുന്ന നെയ്മറിന് തിരിച്ചടിയെന്ന് റിപ്പോർട്ട്. ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023ൽ ഒക്ടബോറിലായിരുന്നു നെയ്മറിന് എ.സി.എൽ ഇഞ്ചുറിയേറ്റത്. പിന്നീട് ബ്രസീലിയൻ താരത്തിന് കളത്തിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞിരുന്നില്ല. പരുക്കിൽനിന്ന് മുക്തി നേടുന്നതിനായി താരം അടുത്തിടെ കഠിന പരിശീലനം നടത്തിയിരുന്നു. ഇതിന്റെ വീഡിയോയും ഫോട്ടോയും താരം കൃത്യമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അടുത്തിടെ നടത്തിയ മെഡിക്കൽ പരിശോധനയിൽ താരം പരാജയപ്പെട്ടുവെന്നും പൂർണ ഫിറ്റ്‌നസ് വീണ്ടെടുക്കാനായി രണ്ട് മാസമെങ്കിലും വേണ്ടി വരുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 78 മില്യൻ പൗണ്ടിന് പി.എസ്.ജിയിൽ സഊദി ക്ലബായ അൽ ഹിലാലിൽ ചേർന്നതിന് ശേഷം നെയ്മറിന് ക്ലബിനായി കൂടുതൽ മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞിട്ടില്ല. അഞ്ചു മത്സരങ്ങളിൽ മാത്രമായിരുന്നു നെയ്മർ അൽ ഹിലാലിനായി കളത്തിലിറങ്ങിയത്. പരുക്ക് കാരണം നെയ്മറിന് ബ്രസീലിനൊപ്പമുള്ള കോപാ അമേരിക്ക ടൂർണമെന്റും നഷ്ടമായിരുന്നു.
ബാഴ്‌സലോണക്കൊപ്പം സ്‌പെയിനിൽ നാലു സീസണിൽ കളിച്ച നെയ്മർ പിന്നീട് ആറു സീസണുകളിൽ ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിൽ കളിച്ചിരുന്നു. പി.എസ്.ജിക്കായി താരം 173 മത്സരത്തിൽ 118 ഗോളുകളും 77 അസിസ്റ്റുകളും സ്വന്തമാക്കിയായിരുന്നു സഊദിയിലേക്ക് പറന്നത്. അൽ ഹിലാലിനായി അഞ്ച് മത്സരം കളിച്ച നെയ്മർ ഒരു ഗോളും മൂന്ന് അസിസ്റ്റും നേടിയിട്ടുണ്ട്.